22 December Sunday

കുടിവെള്ളമുറപ്പ്‌; ബിന്ദുവിന്റെ കണ്ണീർ മായ്ച്ച്‌ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

ആലപ്പുഴ ജില്ലാതല തദ്ദേശ അദാലത്തിൽ പരാതിയിന്മേൽ അനുകൂല നടപടി സ്വീകരിച്ചതോടെ വിതുമ്പിയ വെളിയനാട് പഞ്ചായത്തിലെ ബിന്ദു സജീവിനെ മന്ത്രി എം ബി രാജേഷ് ആശ്വസിപ്പിക്കുന്നു

ആലപ്പുഴ
"മഴവെള്ളം ശേഖരിച്ചാണ്‌ വീട്ടിലെ കാര്യങ്ങളെല്ലാം നടത്തുന്നത്‌. കുടിവെള്ളം പുറത്തുനിന്ന്‌ വാങ്ങും. വലിയ ചെലവാണ്‌. കുടിവെള്ളം കിട്ടാൻ സൗകര്യമൊരുക്കണം’ –-  മന്ത്രി എം ബി രാജേഷിന്‌ മുന്നിൽ വിതുമ്പിയ അമ്മ ബിന്ദുവിന്റെ കണ്ണുകൾ ഭിന്നശേഷിക്കാരനായ മകൻ കിരൺ തുടച്ചു. അമ്മ മാത്രം അറിയുന്ന ഭാഷയിൽ കരയരുതെന്ന്‌ വിലക്കി. ഇതുകണ്ട്‌ സദസിലേക്ക്‌ മന്ത്രി ഇറങ്ങിവന്നു. 
വിങ്ങിപ്പൊട്ടിയ ബിന്ദുവിനെ തോളിൽതട്ടി ആശ്വസിപ്പിച്ച്‌ പരാതി കേട്ടു. പിന്നീട്‌ ഫയലിൽ മന്ത്രി എഴുതി: താൽക്കാലിക നമ്പർ അനുവദിക്കുക. കുടിവെള്ള കണക്ഷന്‌ വീട്ടുനമ്പറിനായി എത്തിയ കിടങ്ങറ കിരൺഭവനിൽ ബിന്ദു സജീവന്റെ പരാതിയിലാണ്‌ പച്ച മഷിയാൽ ചുവപ്പുനാടയിലെ തടസങ്ങളെ മായ്‌ച്ചത്‌. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും തദ്ദേശ അദാലത്തിൽ കൈമാറി. ഈ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ കുടിവെള്ള കണക്ഷൻ ലഭിക്കും.  മസ്‌കുലാർ ഡിസ്‌ട്രോഫി ബാധിച്ച്‌  ഭർത്താവ്‌ സജീവ്‌ രണ്ടുവർഷം മുമ്പ്‌ മരിച്ചു. രമങ്കരി ബ്രില്യന്റ്‌സ്‌ ട്യൂട്ടോറിയൽ കോളേജിൽ അധ്യാപികയായിരുന്ന ബിന്ദുവിന്‌ വിദ്യാർഥികളും സഹപ്രവർത്തകരും വാങ്ങിനൽകിയ ഭൂമിയിൽ തയ്യാറാക്കിയ ഷെഡിലാണ്‌ താമസം. ഇതിനൊപ്പം ട്യൂഷൻ സെന്ററും ചെറിയ കച്ചവട സ്ഥാപനവും നടത്തുന്നു. വേനലാകുമ്പോൾ പണം കൊടുത്ത് വെള്ളം വാങ്ങണം. മകന്റെ ചികത്സയ്‌ക്കും ചെലവിനുമൊന്നും വരുമാനം തികയാത്ത അവസ്ഥ. 
സാങ്കേതിക, നിയമപരമായ തടസങ്ങൾ മൂലം പഞ്ചായത്തിൽനിന്ന്‌ നമ്പർ കിട്ടില്ലെന്നതായിരുന്നു പ്രധാന തടസം. വ്യത്യസ്‌ത ഉപയോഗത്തിനുള്ള കെട്ടിടമായതിനാൽ താൽക്കാലിക നമ്പറിനും വ്യവസ്ഥയില്ല. ഈ തടസങ്ങളെയെല്ലാം നീക്കിയാണ്‌ ബിന്ദുവിന്റെ കണ്ണീർതുടച്ചത്‌. കുടിവെള്ളമായെങ്കിലും ഷെഡിന്‌ പകരം വീടെന്ന സ്വപ്‌നത്തിനായി ഇനിയും കാത്തിരിക്കണം. ലൈഫ്‌ പദ്ധതിയിൽ അപേക്ഷ നൽകിയ ശേഷമാണ്‌ സ്വന്തമായി ഭൂമിയായത്‌. ഭൂരഹിതരുടെ ലിസ്‌റ്റിലാണ്‌ നിലവിലുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top