23 December Monday

റോസമ്മ പറഞ്ഞു, മന്ത്രി കേട്ടു; ചികിത്സാസഹായം ഉടനെത്തും

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

പരിക്കേറ്റ കാലുമായി അദാലത്തിന് എത്തിയ ഹരിതകർമസേനാംഗം റോസമ്മയ്‍ക്കരികിലേക്ക് വേദിയിൽനിന്ന് ഇറങ്ങിച്ചെന്ന് പരാതി കേട്ട് ചികിത്സാ സഹായം ഉറപ്പ് നൽകുന്ന മന്ത്രി എം ബി രാജേഷ്

ആലപ്പുഴ
അദാലത്ത്‌ ഹാളിൽ നിറഞ്ഞുനിന്ന ആൾക്കൂട്ടത്തിലേക്ക്‌ വാക്കറിന്റെ സഹായത്തോടെ തണ്ണീർമുക്കം മുട്ടത്തിപ്പറമ്പിൽ താഴ്‌ച്ചയിൽ വീട്ടിൽ റോസമ്മയെത്തി. കാത്തിരിക്കാൻ അധികം അനുവദിക്കാതെ മന്ത്രിയും വേദിയിൽനിന്നിറങ്ങി. അടുത്തെത്തിയതും ചേർത്തുപിടിച്ച്‌ ആശ്വസിപ്പിച്ചു. എന്നും ഒപ്പമുണ്ടെന്ന്‌ ഉറപ്പും നൽകി. അപേക്ഷയിൽ അനുകൂല നടപടി സ്വീകരിച്ച മന്ത്രിക്കും സർക്കാരിനും റോസമ്മയുടെയും അഭിനന്ദനം. ജോലിക്കിടയിൽ വീണ് കാലിന്‌ പരിക്കേറ്റ തണ്ണീർമുക്കം പഞ്ചായത്തിലെ ഹരിതകർമസേനാംഗം റോസമ്മയെയാണ്‌ അദാലത്ത്‌ വേദിയിൽ മന്ത്രി എം ബി രാജേഷ്‌ നേരിട്ടുകണ്ട്‌ ആശ്വസിപ്പിച്ചത്‌. 
     ഹരിതകർമസേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ്‌ തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു വിഷയം. ഇത്‌ കാണിച്ച്‌ മന്ത്രിക്ക്‌ അയച്ച അപേക്ഷയിൽ പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന്‌ മറുപടി നൽകിയിരുന്നു. അദാലത്തിൽ എത്തിയ റോസമ്മയുടെ പരാതിയുടെ വിശദവിവരങ്ങൾ അന്വേഷിച്ച മന്ത്രി ഇൻഷുറൻസ് തുക ഉടൻ ലഭ്യമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 
ഉടൻ സഹായം ലഭ്യമാകുമെന്ന ഉറപ്പും നൽകിയ ശേഷമാണ് മടക്കിയയച്ചത്. 2023 ഒക്‌ടോബർ 31നാണ് ജോലിക്കിടെ വീണ് റോസമ്മയുടെ തുടയെല്ല് പൊട്ടിയത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. 95,000 രൂപയുടെ ചികിത്സാരേഖകൾ ഹാജരാക്കിയെങ്കിലും സഹായം ലഭിച്ചിരുന്നില്ല. 
ഹരിതകർമസേനാംഗങ്ങൾക്ക് കുടുംബശ്രീ മുഖേന ഇൻഷുറൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷയിൽ ഉടനടി നടപടി സ്വീകരിച്ചതിൽ സന്തോഷം അറിയിച്ചാണ് റോസമ്മ വേദിയിൽനിന്ന്‌ മടങ്ങിയത്. ഭർത്താവ്‌ മോനപ്പനും ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top