22 December Sunday
തദ്ദേശ അദാലത്ത്‌

ചേർത്തുനിർത്തി, കണ്ണീരൊപ്പി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

ആലപ്പുഴ ജില്ലാതല തദ്ദേശ അദാലത്ത് എസ് ഡി വി സെന്റിനറി ഹാളില്‍ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ആലപ്പുഴ എസ്‌ഡിവി സെന്റിനറി ഹാളിലേക്ക്‌ നിറകണ്ണുകളോടെ പടികയറിയെത്തിയ മുഖങ്ങളിലെല്ലാം തിരിച്ചിറങ്ങുമ്പോൾ ആശ്വാസത്തിന്റെ നിറപുഞ്ചിരികളായിരുന്നു. അനുകൂലമായി അനുവദിച്ചു കിട്ടിയ രേഖകളുമായി അവർ ആശ്വാസത്തോടെ മടങ്ങി. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ്‌ സംഘടിപ്പിച്ച തദ്ദേശ അദാലത്തിൽ വ്യാഴം വൈകിട്ട്‌ 6.45 വരെ തീർപ്പാക്കിയത്‌ 874 അപേക്ഷകൾ. ആകെ 1182 അപേക്ഷകളാണ്‌ ലഭിച്ചത്‌. ഇതിൽ 815 എണ്ണം അനുകൂലമായി തീർപ്പാക്കി. 37 എണ്ണം നിരസിച്ചു. 
     അദാലത്തിന്‌ മുമ്പ്‌ ഓൺലൈനായി ലഭിച്ച 797 അപേക്ഷകളിൽ 766ലും തീർപ്പുണ്ടാക്കി. 714 എണ്ണത്തിലും അനുകൂല തീരുമാനമുണ്ടായപ്പോൾ 30 എണ്ണം നിരസിച്ചു. 11 എണ്ണം കുടുതൽ പരിശോധനകൾക്കും തീരുമാനങ്ങൾക്കുമായി മാറ്റി. 
     അദാലത്തിന്‌ മുമ്പ്‌ നൽകിയ അപേക്ഷകളിൽ 93.2 ശതമാനവും അപേക്ഷകർക്ക്‌ അനുകൂലമായാണ്‌ തീർപ്പാക്കിയത്‌. അദാലത്ത്‌ വേദിയിലും ലഭിച്ച അപേക്ഷകളിലും സ്വീകരിച്ച അതിവേഗ നടപടികൾ ഗുണഭോക്താക്കൾക്ക്‌ ആശ്വാസമായി. ഇങ്ങനെ ലഭിച്ച 385 അപേക്ഷകളിൽ 108 എണ്ണം തീർപ്പാക്കി. 101 എണ്ണം അപേക്ഷകർക്ക്‌ അനുകൂലമായപ്പോൾ ഏഴ്‌ അപേക്ഷകൾ നിരസിച്ചു. 24 എണ്ണം മാറ്റിവച്ചു.  
എസ്‌ഡിവി സെന്റിനറി ഹാളിൽ മന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനംചെയ്‌തു. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. എംഎൽഎമാരായ എച്ച് സലാം, ദലീമ, യു പ്രതിഭ, തോമസ് കെ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി, കലക്‌ടർ അലക്‌സ് വർഗീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, പ്രിൻസിപ്പൽ ഡയറക്‌ടർ സീറാം സാംബശിവ റാവു, നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ചേമ്പർ ഓഫ് മുനിസിപ്പൽ ചെയർപേഴ്‌സൺസ് വൈസ് പ്രസിഡന്റ് ഷേർളി ഭാർഗവൻ, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് പി പി സംഗീത, അർബൻ അഫയേഴ്സ് വകുപ്പ് ഡയറക്‌ടർ സൂരജ് ഷാജി, കൗൺസിലർ കെ ബാബു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, മറ്റ്‌ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top