23 November Saturday
നീലംപേരൂർ പൂരം പടയണി

ഇന്ന്‌ കുടംപൂജകളിയും തോത്താകളിയും

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

പാറാവളയംപള്ളി ഭഗവതി ക്ഷേത്രത്തിലെ പടയണിക്കളത്തിൽ

ചങ്ങനാശേരി 
കുട നിർത്ത് ചടങ്ങുകളോടെ നീലംപേരൂർ പൂരം പടയണിയുടെ രണ്ടാംഘട്ടം തിങ്കളാഴ്ച സമാപിക്കും. പെരുമരത്തിന്റെ കൊമ്പിൽ ചെത്തിപ്പൂ തൂക്കിയിടുന്ന കുടപ്പുമരവും മുത്തുക്കുടയുടെ രീതിയിൽ അലങ്കരിച്ച തട്ടുകുട, പച്ചമടൽ കൊണ്ട് വളയം ഉണ്ടാക്കി പലതട്ടുകളായി കെട്ടിത്തൂക്കി മരക്കൊമ്പിൽ എടുക്കുന്ന പാറാവളയം എന്നിവ കളത്തിൽ എത്തി. ചേരമാൻ പെരുമാൾ കോവിലിൽ എത്തി അനുവാദം വാങ്ങിയ ശേഷമാണ് പാറാവളയം എത്തിയത്. തിങ്കളാഴ്ച രാത്രി പത്തിന് കുട നിർത്ത് ചടങ്ങുകൾ നടക്കും പടയണിയിൽ ആദ്യമായി കുടംപൂജ കളിയും തോത്താകളിയും നടക്കും. രണ്ടാംഘട്ടത്തിൽ എഴുന്നള്ളിച്ച അടിയന്തര കോലങ്ങൾ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ദേവി നടയിൽ എത്തുന്നതോടെ കുട നിർത്തി ചടങ്ങുകൾ അവസാനിക്കും. ശക്തമായ മഴ പെയ്തപ്പോൾ ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കുന്നതിന് ഗോവർദ്ധന പർവ്വതം ഉയർത്തി കുടയാക്കി ജനങ്ങളെയും ജീവജാലങ്ങളയും രക്ഷിച്ച ശ്രീകൃഷ്ണനെ സ്തുതിക്കുന്ന വരികൾ വഞ്ചിപ്പാട്ട് രീതിയിൽ കുടകളുടെ എഴുന്നള്ളത്തിന് അകമ്പടിയാകും. പടയണി കളത്തിൽ സ്ത്രീകളുടെ സാന്നിധ്യം പ്രകടമാകുന്നതും ഇന്നുമുതലാണ്. പടയണിയുടെ മൂന്നാം ഘട്ടമായ പ്ലാവില കോലം ചൊവാഴ്ച  ആരംഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top