22 November Friday
കേരള ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ജില്ലാ സമ്മേളനം

സഹകരണമേഖലയെ തകർക്കാനുള്ള 
കേന്ദ്രനീക്കം അവസാനിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ 
ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ 
സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രനീക്കം അവസാനിപ്പിക്കണമെന്ന്‌ കേരള ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ (ബെഫി) രണ്ടാം ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഞായർ രാവിലെ സമ്മേളനത്തിന്‌ തുടക്കമിട്ട്‌ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ ഹരിഹര ബ്രഹ്‌മമോഹനൻ പതാക ഉയർത്തി. കേരള ബാങ്ക്‌ റീജണൽ ഓഫീസ്‌ ഓഡിറ്റോറിയത്തിൽ റീജണൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. സഹകരണമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ ഫെഡറേഷനും മുഴുവൻ സഹകാരികളും ഒറ്റക്കെട്ടായി നേരിടണമെന്ന്‌ അദ്ദേഹം പറഞ്ഞു. 
    സംസ്ഥാന വിഷയമായ സഹകരണമേഖലയെ തകർത്ത്‌ സാധാരണക്കാരുടെ രണ്ടരലക്ഷം കോടിയിൽ അധികം വരുന്ന തുക കോർപറേറ്റ് ഭീമൻമാർക്ക് കാഴ്‌ചവയ്‌ക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. അതിനായി സഹകരണവകുപ്പ് തന്നെ രൂപീകരിച്ച്‌  അമിത് ഷായെ ചുമതല ഏൽപ്പിച്ചു. ഇതിനെ ചെറുത്തുതോൽപ്പിക്കാൻ സഹകാരികളും മുഴുവൻ തൊഴിലാളികളും മുന്നോട്ട് വരണം. കേന്ദ്രസർക്കാർ ഒറ്റപ്പെട്ട ചില കെടുകാര്യസ്ഥതകളെ പെരുപ്പിച്ച്‌ ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ സഹകരണമേഖലയെ തകർക്കാൻ ശ്രമിച്ചു. ഇതിന്‌ മാധ്യമങ്ങളും കൂട്ടുനിന്നു. എന്നാൽ ഈ നീക്കങ്ങൾ തൊഴിലാളികൾ ഒറ്റക്കെട്ടായിനിന്ന്‌ പരാജയപ്പെടുത്തിയെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 
   ഹരിഹര ബ്രഹ്മമോഹനൻ അധ്യക്ഷനായി. കേരള ബാങ്ക്‌ മുൻ ഡയറക്‌ടർ എം സത്യപാലൻ മുഖ്യപ്രഭാഷണംനടത്തി. റെജികുമാർ രക്തസാക്ഷിപ്രമേയവും ലത എസ്‌ അർക്കാട്ടിൽ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി എം പ്രമോദ്‌ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി ജെ ഷീബ- കണക്കും അവതരിപ്പിച്ചു. 
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ, ബെഫി സംസ്ഥാന കമ്മിറ്റിയംഗം സി ജയരാജ്‌, കെബിഇഎഫ്‌ സംസ്ഥാന വനിതാ കമ്മിറ്റി കൺവീനർ എൽ സിന്ദുജ, സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ ടി ആർ രമേശ്‌ എന്നിവർ സംസാരിച്ചു. ജോലിയിൽനിന്ന്‌ വിരമിച്ച ഫെഡറേഷൻ അംഗങ്ങളായ പി എം പ്രമോദ്‌, സി എം മധു, വി ടി ലേഖ എന്നിവരെ ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top