കായംകുളം
നഗരസഭാ അതിർത്തിയിലെ ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിഹാരം കാണാൻ യോഗം ചേർന്നു. ദേശീയപാത ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തിൽ നഗരസഭാധ്യക്ഷ പി ശശികല അധ്യക്ഷയായി. കൃഷ്‌ണപുരം പാലത്തിന് സമീപം പുതിയ പാലം നിർമാണത്തിൽ സർവീസ് റോഡ് ഇല്ലാതായതും ദേശീയപാതയുമായി ചേർന്ന് കിടക്കുന്ന നഗരസഭയിലെ വിവിധ വാർഡുകളിലെ വെള്ളക്കെട്ടുമാണ് ചർച്ച ചെയ്‌തത്.
മുക്കട അടിപ്പാതമുതൽ വടക്കോട്ട് കൃഷ്‌ണപുരം ക്ഷേത്രംവരെ സർവീസ് റോഡ് ഇല്ലാത്തതിനാൽ പ്രദേശത്തെ 70 ലേറെ കുടുംബങ്ങൾക്ക് വഴിയില്ലാത്ത അവസ്ഥയാണ്. ഡെപ്യൂട്ടി കലക്‌ടർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ച് സ്ഥിതി ബോധ്യപ്പെടുത്തിയതാണ്. പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ചർച്ചയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അടിയന്തരമായി നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
ഇരുവശത്തെയും വെള്ളക്കെട്ട് പ്രശ്നം നിർമാണ സമയത്ത് പരിഹരിക്കാമെന്നും എന്നാൽ ഓടയോട് ചേർന്ന് ചെറിയ ഡ്രെയിനേജ് നിർമിക്കണമെന്ന നിർദേശം ഉന്നത ഉദ്യോഗസ്ഥർക്കേ അനുവദിക്കാൻ കഴിയൂവെന്നും ദേശീയപാത ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കാനും തീരുമാനിച്ചു. നഗരസഭാ ഉപാധ്യക്ഷൻ ജെ ആദർശ്, കൗൺസിലർമാരായ കെ പുഷ്‌പദാസ്, ബിനു അശോക്, ഷീബ ഷാനവാസ് എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..