ചെങ്ങന്നൂർ
വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ ഗവ. ഐടിഐ വജ്രജൂബിലിയുടെ നിറവിൽ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരുന്നു. ക്യാമ്പസിൽ അത്യാധുനികരീതിയിൽ നിർമിച്ച അക്കാദമിക്ക് ബ്ലോക്കും ഹോസ്റ്റൽ കെട്ടിടവും തൊഴിൽമേളയും മന്ത്രി വി ശിവൻകുട്ടി വ്യാഴം പകൽ 11. 30ന് ഉദ്ഘാടനംചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.
1964ൽ ആരംഭിച്ച ഗവ. ഐടിഐയുടെ കെട്ടിടങ്ങൾ ജീർണാവസ്ഥയിലായതിനെത്തുടർന്ന് മന്ത്രി സജി ചെറിയാൻ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 20 കോടി ചെലവഴിച്ചാണ് സംസ്ഥാന സർക്കാർ പുതിയ കെട്ടിടസമുച്ചയം നിർമിച്ചത്. മൂന്നുനിലകളിലായി 72,345 ചതുരശ്ര അടി വിസ്‌തീർണത്തിൽ നിർമിച്ച അക്കാദമിക്ക് ബ്ലോക്കിൽ 30 സ്‌മാർട്ട് ക്ലാസ് മുറികൾ, അഞ്ച് വർക്ക്ഷോപ്പുകൾ, 200 സീറ്റുകളുള്ള കോൺഫറൻസ് ഹാൾ, ഡ്രോയിങ് ഹാൾ, ലൈബ്രറി, സ്റ്റോർ, ശുചിമുറികൾ എന്നിവയുണ്ട്. 12,917 ചതുരശ്രയടിയിൽ നാലുനിലകളിലായി നിർമിച്ച ഹോസ്റ്റൽ കെട്ടിടത്തിൽ 68 വിദ്യാർഥികൾക്ക് താമസിക്കാം.
വെള്ളിയാഴ്‌ച നടക്കുന്ന തൊഴിൽമേളയിൽ ടിടികെ പ്രസ്റ്റീജ്, ഒഇഎൻ, ടി വിഎസ് ഉൾപ്പെടെ അന്താരാഷ്‌ട്ര കമ്പനികളും ആയിരത്തിലേറെ ഉദ്യോഗാർഥികളും പങ്കെടുക്കും.
മന്ത്രി സജി ചെറിയാൻ, ഐടിഐ പ്രിൻസിപ്പൽ സി എൽ അനുരാധ, കെ എസ് സുകേഷ്‌കുമാർ, കെ രതി, പി കെ മഹേഷ്, ബി ജയകുമാർ, അഭയ് ഡി കുറുപ്പ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..