ആലപ്പുഴ
ജില്ലാ ആരോഗ്യ വകുപ്പിന്റെ അമരം (എഎംഎആർഎഎം–---- ആന്റി മൈക്രോബിയൽ റെസിസ്റ്റന്റ് അവയർനെസ് ആൻഡ് മിറ്റിഗേഷൻ) പദ്ധതി ജില്ലാ തല ഉദ്‌ഘാടനം ആര്യക്കര ഗൗരിനന്ദനം ഓഡിറ്റോറിയത്തിൽ ശനി രാവിലെ 10ന് മന്ത്രി പി പ്രസാദ് നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയാകും. ബോധവൽക്കരണ സന്ദേശ റാലി, പ്രദർശനം, ക്ലാസ്, ഗോ ബ്ലൂ കാമ്പയിൻ തുടങ്ങിയവ ഉണ്ടാവും. ആര്യാട് ബ്ലോക്ക് പഞ്ചായത്ത്, മുഹമ്മ പഞ്ചായത്ത്, സിഎച്ച്സി, ആരോഗ്യ വകുപ്പ് എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആന്റിബയോട്ടിക്ക് സ്മാർട്ട് ആശുപത്രികൾ, ആന്റിബയോട്ടിക്ക് സ്മാർട്ട്പഞ്ചായത്ത് എന്നിവ സാധ്യമാക്കാൻ ആദ്യഘട്ടത്തിൽ ഓരോ ബ്ലോക്കിൽനിന്നും ഒരു പഞ്ചായത്തെന്ന നിലയിൽ 12 പഞ്ചായത്തുകളെ തെരഞ്ഞെടുത്തു. വീയപുരം, മാരാരിക്കുളം തെക്ക്, എഴുപുന്ന, പാണാവള്ളി, മുഹമ്മ, അമ്പലപ്പുഴ തെക്ക്, തകഴി, വള്ളികുന്നം, ചെട്ടികുളങ്ങര, ദേവികുളങ്ങര, നീലംപേരൂർ, മാന്നാർ പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കും. ആന്റി മൈക്രോബിയൽ പ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനപ്രതിനിധികൾക്കും വിവിധ വകുപ്പുകൾക്കും പരിശീലനം നൽകും. ആരോഗ്യശുചിത്വശീലം മെച്ചപ്പെടുത്താനുള്ള ഇടപെടൽ, ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കാനുള്ള പ്രവർത്തനം, പ്രദേശത്തെ സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവ കേന്ദ്രീകരിച്ച് എഎംആർ പ്രവർത്തനം, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, ക്ഷീരവികസന വകുപ്പുകളുമായി സഹകരിച്ച് ആന്റി മൈക്രാബിയൽസിന്റെ ദുരുപയോഗം തടയാനുള്ള പ്രവർത്തനം, ഫാർമസി, ലാബ്, ഹാച്ചറി, ഫാം എന്നിവിടങ്ങളിൽ സംയുക്തപരിശോധന, പൊതുഅവബോധം മെച്ചപ്പെടുത്താൻ സ്‌കൂളുകൾ, അങ്കണവാടികൾ, കുടുംബശ്രീ, റെസിഡൻസ് അസോസിയേഷൻ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം എന്നിങ്ങനെ വിപുല കർമപരിപാടികളാണ് നടപ്പാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..