അഞ്‌ജലി ഗംഗ
ആലപ്പുഴ
വൃക്കരോഗികൾക്ക് കരുതലുമായി സംസ്ഥാന സർക്കാർ. ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാനാകുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതിയിലൂടെ ജില്ലയിൽ സൗജന്യ ചികിത്സ ലഭ്യമാക്കിയത് 58 പേർക്ക്.
സങ്കീർണമായ ഹീമോ ഡയാലിസിസ് പടിപടിയായി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ പദ്ധതി ആരംഭിച്ചത്. ആശുപത്രികളിൽ മാത്രം ചെയ്യാവുന്നതും ഏറെ ചെലവേറിയതും ശാരീരിക ബുദ്ധിമുട്ടുകളുമുള്ള ഹീമോഡയാലിസിസ് രീതിയിൽ മാറ്റം ഉണ്ടാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നിലവിൽ താലൂക്ക്, ജനറൽ, ജില്ലാ ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായി 100 ഡയാലിസിസ് ഉപകരണങ്ങളാണുള്ളത്. രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ ഇത് പര്യാപത്‌മല്ല. അതിനാലാണ് വീട്ടിൽ തന്നെ ഡയാലിസിസ് ചെയ്യാനാകുന്ന തരത്തിൽ പദ്ധതി രൂപീകരിച്ചത്. ജനറൽ ആശുപത്രിയിൽ നെഫ്രോളജി തസ്‌തിക ഇല്ലാത്തതിനാൽ മെഡിക്കൽ കോളേജിൽ കത്തീറ്റർ ഇടണം. ഡയാലിസിസിന് ആവശ്യമായ ഫ്ലൂയിഡ് ജനറൽ ആശുപത്രിയിൽ വിതരണം ചെയ്യും.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൃത്യമായ ചികിത്സാ മാർഗനിർദേശവും ഉപകരണത്തിന്റെ പ്രവർത്തനം സംബന്ധിച്ച ക്ലാസും നൽകുന്നുണ്ട്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഉള്ള ഹീമോ ഡയാലിസിസ് സേവനങ്ങൾ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായാണ് ലഭ്യമാക്കുന്നത്.
പെരിറ്റോണിയൽ ഡയാലിസിസിന് ഒരുദിവസം ആയിരം രൂപയോളം ചെലവുവരും. ഇത് ഹീമോ ഡയാലിസിസിന് വേണ്ടിവരുന്നതിനെക്കാൾ വലുതാണ്. എന്നാൽ സർക്കാരിനെ സംബന്ധിച്ചിടത്തോളം കുറഞ്ഞ മാനവവിഭവശേഷി കൊണ്ടും അടിസ്ഥാന സൗകര്യം കൊണ്ടും കൂടുതൽ ആളുകളിലേക്ക് ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്ന പ്രത്യേകതയുണ്ട്. രോഗം തിരിച്ചറിഞ്ഞ് ആദ്യഘട്ടത്തിൽ തന്നെ പെരിറ്റോണിയൽ ഡയാലിസിസ് തുടങ്ങുന്ന രോഗികൾക്ക് മെച്ചപ്പെട്ട അതിജീവനവും ലഭിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..