23 December Monday
സിപിഐ എം ജില്ലാ സമ്മേളനം

ഹരിപ്പാട് അരുണാഭമാകുന്നു

സ്വന്തം ലേഖകൻUpdated: Monday Dec 23, 2024

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം കുമാരപുരം പിഎച്ച്‌ സെന്ററിന്‌ സമീപത്ത് ചുവരെഴുതിയപ്പോൾ

ഹരിപ്പാട്
ബോർഡുകൾ നിരനിരയായി ഉയരുന്നു, ചുവരുകൾ വർണ എഴുത്തുകളാൽ സമ്മേളന വിളംബരമാകുന്നു, കൊടിതോരണങ്ങൾ നിറഞ്ഞ്‌ പാതയോരങ്ങൾ ചുവപ്പണിയുന്നു. ഹരിപ്പാട്‌ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ പ്രചാരണം മുന്നേറുമ്പോൾ ഹരിപ്പാട്‌ നഗരവും നാട്ടിൻപുറവും ചുവന്നുതുടുക്കുന്നു. 
ദേശീയ സാർവദേശീയ കമ്യൂണിസ്‌റ്റ്‌ നേതാക്കളുടെയടക്കം ചിത്രങ്ങൾ ആലേഖനംചെയ്‌ത ബോർഡുകൾ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചു. വിവിധ കലാസൃഷ്‌ടികളും ശിൽപ്പങ്ങളും അടക്കം പ്രചാരണത്തെ ആകർഷകമാക്കുന്നു. പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള പ്രചാരണസാമഗ്രികളും പ്രത്യേകതയാണ്‌. ബാനറുകൾ തയ്യാറാക്കലും ചുവരെഴുത്തുകളും പുരോഗമിക്കുന്നു. ഇതിനകം രണ്ടുഘട്ടങ്ങളിലായി പോസ്‌റ്ററുകളും പതിച്ചു. 
10, 11, 12 തീയതികളിലായാണ്‌ ജില്ലാ സമ്മേളനം ചേരുന്നത്‌. മണ്ഡലത്തിലെ 21 ലോക്കൽ കമ്മിറ്റികളിലും ബ്രാഞ്ചുതലത്തിലും സ്വാഗതസംഘം രൂപീകരിച്ചാണ്‌ പ്രവർത്തനം. പ്രധാന ജങ്ഷനുകൾ, പാലങ്ങളുടെ കൈവരികൾ എന്നിവിടങ്ങളിൽ കൊടികൾ വരിവരിയായി കെട്ടി പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നുണ്ട്‌. സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളായി കാർഷിക സെമിനാർ, നവോത്ഥാന സഭ, സാംസ്‌കാരിക സായാഹ്നം എന്നിവ നടക്കും. 

30ന് ‘ബ്രെയിൻ ബാറ്റിൽ’ പ്രശ്‌നോത്തരി

ഹരിപ്പാട്
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 30ന് ബ്രെയിൻ ബാറ്റിൽ എന്ന പേരിൽ അശ്വമേധം ഫെയിം ഡോ. ജി എസ് പ്രദീപ് നയിക്കുന്ന തത്സമയ പ്രശ്നോത്തരി നടക്കും. വൈകിട്ട് ആറിന് കുമാരപുരം നാരകത്തറ മംഗല്യ കൺവൻഷൻ സെന്ററിലാണ് പ്രശ്നോത്തരി. 
40 വയസിൽ താഴെയുള്ളവർ, വിദ്യാർഥികൾ എന്നിവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ 27 വരെ നടക്കും. ഫോൺ: 9400192817 (എസ് സുരേഷ്), 9605832105 (എസ് സുരേഷ്‌കുമാർ).

ജില്ലാ സമ്മേളന ഫണ്ട് 
നാളെ ഏറ്റുവാങ്ങും

ഹരിപ്പാട്
സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ സമാഹരിച്ച ഫണ്ട് ചൊവ്വാഴ്‌ച ജില്ലാ സെക്രട്ടറി ആർ നാസർ ഏറ്റുവാങ്ങും. പാർടി ബ്രാഞ്ചുകൾ സമാഹരിച്ച തുക ലോക്കൽതല സംഘാടകസമിതി യോഗങ്ങളിലാണ്‌ സ്വീകരിക്കുന്നത്‌. രാവിലെ ഒമ്പതിന് കരുവാറ്റ വടക്ക്, തെക്ക്, 10ന് കുമാരപുരം വടക്ക്, തെക്ക്, പകൽ 11ന്‌ ചെറുതന, 12ന്‌ വീയപുരം, രണ്ടിന്‌ ഹരിപ്പാട്, മൂന്നിന്‌ ഹരിപ്പാട് ഈസ്‌റ്റ്‌, നാലിന്‌ പള്ളിപ്പാട്, അഞ്ചിന്‌ പല്ലന, ആറിന്‌ തൃക്കുന്നപ്പുഴ ലോക്കലുകളിൽ ഫണ്ട്‌ ഏറ്റുവാങ്ങും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top