ആലപ്പുഴ
കോൺഗ്രസ് പ്രഖ്യാപിച്ച തിങ്കളാഴ്‌ചത്തെ ഹർത്താൽ തീരദേശ ജനത തള്ളിക്കളയുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കെതിരെയുള്ള രാഷ്‌ട്രീയപ്രേരിത സമരമാണിത്. തിങ്കളാഴ്‌ച പതിവുപോലെ മത്സ്യബന്ധനവും വിപണനവും ജില്ലയിലെ തീരമേഖലയിൽ നടക്കും.
വെള്ളപ്പൊക്ക സാധ്യത മുന്നിൽക്കണ്ടാണ് തോട്ടപ്പള്ളി സ്‌പിൽവേയുടെ തീരത്ത് മണൽനീക്കുന്നത്. നീരൊഴുക്കിന് തടസമായതിനാലാണ് കാറ്റാടി മരങ്ങൾ മുറിച്ചുനീക്കുന്നത്. മുൻകാലങ്ങളിൽ പൊഴിമുറിക്കുമ്പോൾ ലഭിക്കുന്ന മണൽ പലരും കരിമണൽ ലോബിക്ക് അനധികൃതമായി വിൽക്കുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ പൊതുമേഖലാ സ്ഥാപനമായ കെഎംഎൽ ആണ് മണൽ നീക്കുന്നത്.
ഈ വിഷയത്തിൽ ശക്തമായ നിലപാട് എടുത്ത മന്ത്രി ജി സുധാകരന്റെ ഓഫീസും വീടും അക്രമിച്ചാണ് കോൺഗ്രസ് അരിശം തീർത്തത്. തോട്ടപ്പള്ളിയെ ഖനനമേഖലയാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. എന്നാൽ ഒരു വിഭാഗം മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കാനാണ് ശ്രമം. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായ ധീവരസഭ ജനറൽ സെക്രട്ടറിയും ഇവർക്ക് കൂട്ടുണ്ട്.
കോവിഡ് കാലത്ത് എല്ലാവരും ഒന്നിച്ചുനിൽക്കേണ്ടതിനു പകരം ഭിന്നിപ്പിന്റെ രാഷ്‌ട്രീയമാണ് കോൺഗ്രസ് കളിക്കുന്നതെന്നും ചിത്തരഞ്ജൻ പറഞ്ഞു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി ഐ ഹാരിസ്, സെക്രട്ടറി സി ഷാംജി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..