21 November Thursday

പ്രഥമ അക്ഷരജ്യോതി പുരസ്‍കാരം 
താമരക്കുളം വിവിഎച്ച്എസ്എസിന്

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024
ചാരുംമൂട്
കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്‌മരണാർഥം പ്രവർത്തിക്കുന്ന ‘സുഗതവനം' ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ‘അക്ഷരജ്യോതി' പുരസ്കാരം ആലപ്പുഴ താമരക്കുളം വിജ്ഞാന വിലാസിനി ഹയർ സെക്കൻഡറി സ്കൂളിന്. 
കഴിഞ്ഞകാലങ്ങളിലെ മാതൃക പ്രവർത്തനങ്ങൾക്കാണ് അവാർഡ്. വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ പുറമെ പരിസ്ഥിതി, കാർഷിക മേഖലകളിലും സ്‌കൂൾ മികവ്‌ കാണിച്ചു. കഴിഞ്ഞ 26വർഷങ്ങളായി  കലാ–-കായിക ശാസ്ത്ര വിവരസാങ്കേതിക പ്രവൃത്തി പരിചയ മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടി. 
കഴിഞ്ഞ വർഷങ്ങളിൽ എസ്എസ്എൽസിക്കും പ്ലസ് ടുവിനും ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടി. ബെസ്റ്റ് പിടിഎ അവാർഡ്, വനമിത്ര അവാർഡ്, ജൈവ വൈവിധ്യ ബോർഡിന്റെ അവാർഡ്, ജില്ലാ ശുചിത്വമിഷൻ മാതൃക വിദ്യാലയം അവാർഡ്, ഊർജ സംരക്ഷണ അവാർഡ് തുടങ്ങിയവയ്‌ക്കും അർഹരായി. 
ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രൈമറി അധ്യാപകർക്കുള്ള പ്രഥമ ‘ഗുരുജ്യോതി' പുരസ്കാര വിതരണ വേദിയിൽ സ്കൂളിനുള്ള ആദരവ് സമർപ്പിക്കും. പ്രശസ്തി പത്രവും ഫലകവും 10,001 രൂപയുമാണ് സമ്മാനത്തുക. ഡോ. ജിതേഷ്ജി, കെ വി രാമാനുജൻ തമ്പി, ഡോ. വൈ ജോയി, ശൂരനാട് രാധാകൃഷ്ണൻ തുടങ്ങിയവരുടെ പാനലാണ് അവാർഡുകൾ തീരുമാനിച്ചത്. 25ന് വൈകിട്ട് മൂന്നിന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ മന്ത്രി സജി ചെറിയാൻ അവാർഡുകൾ നൽകും.
 കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. പി കെ ഗോപൻ, വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ജിതേഷ്‌ജി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാവുമെന്ന് ട്രസ്റ്റ് ചെയർമാൻ എൽ സുഗതൻ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top