അമ്പലപ്പുഴ
ചെങ്കൊടികളേന്തി മുദ്രാവാക്യം വിളികളുടെ അകമ്പടിയിൽ നാടൊന്നായി സമരഭൂമിലേക്ക് ഒഴുകിയെത്തി. സർ സിപിയുടെ ചോറ്റു പട്ടാളത്തെ അലകായുധംകൊണ്ട് നേരിട്ട് ധീരരക്തസാക്ഷിത്വം വരിച്ച സമരസഖാക്കളുടെ സ്‌മരണയിൽ പുന്നപ്ര സമരഭൂമിയിലെ മണ്ഡപത്തിനുമുന്നിൽ ആയിരങ്ങൾ പുഷ്പാർച്ചന നടത്തി. രണധീരരുടെ ചുടുനിണംവീണ് ചുവന്ന മണ്ണിൽ ‘ഇല്ലാ ഇല്ല മരിക്കില്ല, രക്തസാക്ഷി മരിക്കില്ല, ജീവിക്കുന്നവർ ഞങ്ങളിലൂടെ’ മുദ്രാവാക്യങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു പുഷ്‌പാർച്ചന. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, വി എസ് അച്യുതാനന്ദനുവേണ്ടി മകൻ വി എ അരുൺകുമാർ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ മന്ത്രി സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, മുൻ മന്ത്രി ജി സുധാകരൻ, പുന്നപ്ര– വയലാർ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയൻ, സെക്രട്ടറി എ ഓമനക്കുട്ടൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം എന്നിവർ പുഷ്പചക്രങ്ങളർപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജി രാജമ്മ, എ രാഘവൻ, ജി ഹരിശങ്കർ, എം സത്യപാലൻ, പി പി ചിത്തരഞ്ജൻ എംഎൽഎ, എ മഹേന്ദ്രൻ, മനു സി പുളിക്കൽ, കെ എച്ച് ബാബുജാൻ, ജില്ലാ കമ്മിറ്റിയംഗം എ എം ആരിഫ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ്‌കുമാർ, സെക്രട്ടറി ജെയിംസ് ശമുവേൽ, കേന്ദ്ര കമ്മിറ്റി അംഗം ആർ രാഹുൽ, ബ്ലോക്ക് സെക്രട്ടറി അജ്മൽ ഹസൻ, ജില്ലാ കമ്മിറ്റിയംഗം പ്രശാന്ത് എസ് കുട്ടി, ഇരുകമ്യൂണിസ്റ്റ് പാർട്ടികളുടെയും ഏരിയ, മണ്ഡലം നേതാക്കൾ, ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ പുഷ്പാർച്ചന നടത്തി.
പുന്നപ്ര വടക്ക് പഞ്ചായത്തിലെ ലോക്കൽ സംഘാടക സമിതി നേതൃത്വത്തിൽ രാവിലെ 9.30ന് ബ്ലോക്ക് ജങ്ഷനിലും, പുന്നപ്ര തെക്ക് പഞ്ചായത്ത് ലോക്കൽ സംഘാടക സമിതി നേതൃത്വത്തിൽ പറവൂർ ജങ്ഷനിലും സംഘടിച്ച് ദേശീയപാതയിൽ കപ്പക്കട വഴിയും, പുന്നപ്ര കിഴക്ക് ലോക്കൽ സംഘാടക സമിതി പഴയ നടക്കാവ് റോഡ് വഴിയും, പുന്നപ്ര ലോക്കൽ സംഘാടക സമിതി തീരദേശ റോഡുവഴിയും ജാഥയായി ധീരദേശാഭിമാനികൾ പിടഞ്ഞുവീണ സമരഭൂമിയിലെ ബലികുടീരത്തിൽ പകൽ 11ന് എത്തി. ഇരുകമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരും, പാർട്ടി ബന്ധുക്കളും, ബഹുജനങ്ങളും പുഷ്പാർച്ചന നടത്തി. തുടർന്നു ചേർന്ന രക്തസാക്ഷി അനുസ്‌മരണ സമ്മേളനത്തിൽ ആർ നാസർ, ടി ജെ ആഞ്ചലോസ് എന്നിവർ രക്തസാക്ഷി അനുസ്മരണ പ്രഭാഷണം നടത്തി. വി ആർ അശോകൻ അധ്യക്ഷനായി. വി കെ ബൈജു സ്വാഗതം പറഞ്ഞു. വേദിയിൽ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രസിദ്ധീകരിച്ച ‘സമരഭൂമി’ സ്പെഷ്യൽ പതിപ്പ് മന്ത്രി സജി ചെറിയാൻ മുൻ മന്ത്രി ജി സുധാകരന് നൽകി പ്രകാശിപ്പിച്ചു. രക്തസാക്ഷി മണ്ഡപത്തിന് സമീപം പണികഴിപ്പിച്ച സിപിഐ എം പുന്നപ്ര ലോക്കൽ കമ്മിറ്റി ഓഫീസും എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. സമരഭൂമിയിൽ എത്തിയവർക്കെല്ലാം ഇക്കുറിയും കഞ്ഞിയും കുഴയും അച്ചാറും നൽകി.
വൈകിട്ട് മൂന്നിന് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ദീപശിഖാ പ്രയാണമാരംഭിച്ചു. സമരനായകൻ കരിയാടിപ്പറമ്പിൽ അന്ത്രയോസിന്റെ മകൾ ഫിലോമിന കൊളുത്തി നൽകിയ ദീപശിഖ ഡിവൈഎഫ്ഐയുടെ കായികതാരം സ്വരാജ് ഏറ്റുവാങ്ങി. കെ മോഹൻകുമാർ, ഡി അശോക്‌കുമാർ, പി ജി സൈറസ്, കെ എഫ് ലാൽജി, എ പി ഗുരുലാൽ, എൻ പി വിദ്യാനന്ദൻ, കെ എം ജുനൈദ്, ടി എസ് ജോസഫ്, സജിത സതീശൻ, ആർ അശോക്‌കുമാർ, എം ഷീജ, വി എസ് മായാദേവി, ആർ രജിമോൻ, കെ ജഗദീശൻ, കെ പി സത്യകീർത്തി, ഷീബാ രാകേഷ്, കെ ശിവൻ, കെ യു മധു, സി വാമദേവ് എന്നിവർ നേതൃത്വംനൽകി.
വൈകിട്ട് 4.30ഓടെ വണ്ടാനത്തുനിന്ന് ആരംഭിച്ച പുഷ്പാർച്ചനാറാലിയിൽ അണിനിരന്ന ആയിരങ്ങൾ സമരഭൂമിയിലെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തി. സി ഷാംജി, വി സി മധു, ആർ ശ്രീകുമാർ, ബി അൻസാരി, ജി ഷിബു, കരുമാടി ശശി, നിജ അനിൽകുമാർ, പി അരുൺകുമാർ, എസ് ഹാരിസ്, ശോഭാ ബാലൻ, ഡി ദിലീഷ്, എച്ച് അരുൺ, എ എസ് സുദർശനൻ, എസ് കുഞ്ഞുമോൻ, എം സോമൻ, കെ അശോകൻ എന്നിവർ നേതൃത്വംനൽകി.
പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലൂടെ ദീപശിഖ പ്രയാണം നടത്തി നൂറുകണക്കിന് സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് ആറിന് സമരഭൂമിയിലെത്തിച്ചു. എഐവൈഎഫിന്റെ കായികതാരവും സമരസേനാനി സ. വെളുത്ത കുഞ്ഞ് രാജപ്പന്റെ ചെറുമകനുമായ അക്ഷയിൽനിന്ന് ഇ കെ ജയൻ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു. 3.15 മുതൽ കലാപരിപാടികളും തുടർന്ന് സംഗീതസായാഹ്നവും അരങ്ങേറി. വാരാചരണത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ സമ്മാനാർഹമായ ഇനങ്ങളും വേദിയിൽ അവതരിപ്പിച്ചു. പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. ഇ കെ ജയൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, മന്ത്രി പി പ്രസാദ്, എച്ച് സലാം എംഎൽഎ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ആർ രാഹുൽ എന്നിവർ സംസാരിച്ചു. വാരാചരണ കമ്മിറ്റി സെക്രട്ടറി എ ഓമനക്കുട്ടൻ സ്വാഗതവും ഏരിയ കമ്മിറ്റിയംഗം ആർ രജിമോൻ നന്ദിയും പറഞ്ഞു. വാരാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്തു. നിഴൽ ഫോക് മീഡിയയുടെ നാടൻപാട്ടും അരങ്ങേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..