08 September Sunday
റെയിൽവെ പരിസരത്തെ മാലിന്യത്തോട്‌

ഡ്രെയിനേജിലെ മാലിന്യം 
10 ദിവസത്തിനകം നീക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024
ആലപ്പുഴ
റെയിൽവേ ട്രാക്കുകളുടെ അടിയിലൂടെയുള്ള ഡ്രെയിനേജിൽ അടിഞ്ഞുകൂടിയ മാലിന്യം 10 ദിവസത്തിനകം നീക്കംചെയ്യണമെന്ന്‌ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനം. ആവശ്യമെങ്കിൽ ജെൻ റോബോട്ടിന്റെ സൗകര്യം ഉപയോഗപ്പെടുത്തണം. 20 മീറ്റർ നീളത്തിലുള്ള മറ്റ് രണ്ട്  ഡ്രെയിനേജുകളിലെ മാലിന്യം 31-നു മുമ്പ്‌ നീക്കാനും ആലപ്പുഴ റെയിൽവെ സ്റ്റേഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 
ആലപ്പുഴ റെയിൽവെ സ്റ്റേഷൻ പരിസരത്ത് റെയിൽവേയുടെ അധീനതയിലുള്ള സ്ഥലങ്ങളിലെ മാലിന്യ പ്രശ്നം പരിഹരിക്കാനാണ്‌  യോഗം വിളിച്ചത്‌. മാലിന്യപ്രശ്‌നം സംബന്ധിച്ച് എച്ച് സലാം എംഎൽഎ കലക്ടർക്ക് കത്ത് നൽകിയിരുന്നു. 
 റെയിൽവെയുടെ വക സ്ഥലത്ത്‌ ഹെൽത്ത്‌ യൂണിറ്റിനു മുന്നിലെ മാലിന്യത്തോടിനെക്കുറിച്ച്‌ ദേശാഭിമാനി ചിത്രം സഹിതം വാർത്തയും നൽകിയിരുന്നു.
റെയിൽവെ സ്റ്റേഷൻ പരിസരത്തെ കാനകളും പരിസര പ്രദേശത്തെ തോടുകളിലെ മാലിന്യവും അടിയന്തരമായി നീക്കാൻ യോഗം നിർദേശം നൽകി. റെയിൽവെ ട്രാക്കിനടിയിലൂടെ നൂറ് മീറ്റർ നീളത്തിലുള്ള ഡ്രെയിനേജ് സംവിധാനത്തിന് നിലവിലുള്ള ഒരു ഓപ്പണങ്ങിനു പുറമെ രണ്ട് പ്രത്യേക ഓപ്പണിങ് കൂടി ഉൾപ്പെടുത്തണം. പരിസരത്ത് മാലിന്യം തള്ളുന്നത് കർശനമായി തടയണം. 
റെയിൽവെ സ്റ്റേഷനു മുന്നിലെ ഇലവന്തിതോട് ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കണം. തോട്ടിലെ റയിൽവേയുടെ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (എംആർഎഫ്) കെട്ടിട നിർമാണം തോടിന് മുകളിലുള്ള ഭാഗം ഒഴിവാക്കണം. 
 തോട് കൈയേറിയുള്ള നിർമാണം  കഴിഞ്ഞ മാസം എംഎൽഎയും കലക്ടറും നേരിട്ടെത്തി നിർത്തിവയ്‌പ്പിച്ചിരുന്നു. 
ഇലവന്തിതോട് വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കാൻ റെയിൽവേ, നഗരസഭ അധികൃതർക്ക് നിർദേശം നൽകി. മൂന്ന് ട്രെയിനുകളിൽ നിന്നുള്ള മാലിന്യം സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കുന്നതായി പരിസരവാസികൾ പരാതിപ്പെട്ടിരുന്നു. മാലിന്യം നീക്കാൻ കരാറെടുത്തവർ ഇത്‌ യഥാസമയം നീക്കി ശാസ്ത്രീയമായി സംസ്‌കരിക്കുന്നുണ്ടോ എന്ന് റെയിൽവേ ഉറപ്പുവരുത്തണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കാനും തീരുമാനിച്ചു. 
കലക്ടർ അലക്സ് വർഗീസ്‌ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ കെ കെ ജയമ്മ, കൗൺസിലർ പ്രഭാ ശശികുമാർ, നഗരസഭാ സെക്രട്ടറി എ എം മുംതാസ്, ഹെൽത്ത്‌ ഓഫീസർ കെ പി വർഗീസ്, ഹെൽത്ത് ഇസ്‌പെക്‌ടർ ശങ്കർ മണി, സ്റ്റേഷൻ മാനേജർ എസ് ശ്യാംകുമാർ, റെയിൽവെ നിർമാണ വിഭാഗം ചുമതലക്കാരൻ രവി, റയിൽവേ ഹെൽത്ത് ഇൻസ്‌പെക്‌ടർ രശ്മി എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top