ആലപ്പുഴ
നെഹ്‌റുട്രോഫി വള്ളംകളിക്ക് പൊലീസിന്റെ സുരക്ഷാക്രമീകരണങ്ങളായി. സുരക്ഷയ്‌ക്കും ട്രാഫിക് ക്രമീകരണങ്ങൾക്കുമായി പുന്നമടയും പരിസര പ്രദേശങ്ങളും 14 സെക്‌ടറുകളായി തിരിക്കും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 17 ഡിവൈഎസ്‌പി, 41 ഇൻസ്‌പെക്‌ടർ, 355 എസ്ഐ എന്നിവരുൾപ്പടെ 1800 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
പുന്നമടക്കായലിലും ജനങ്ങളുടെ സുരക്ഷയ്‌ക്കും വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനുമായി 47 ബോട്ടുകളിലായി പൊലീസിനെ നിയോഗിക്കും. പുന്നമട പൂർണമായും സിസിടിവി നിരീക്ഷണത്തിലായിരിക്കും. മോഷണവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ ഷാഡോ പൊലീസിന്റെയും സ്‌പെഷ്യൽ ബ്രാഞ്ചിന്റെയും സേവനമുണ്ടാകും.
വള്ളംകളിയുടെ നിയമാവലി അനുസരിക്കാത്ത വള്ളങ്ങളെയും തുഴക്കാരെയും കണ്ടെത്തുന്നതിന് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മത്സരസമയം കായലിൽ ചാടുന്നവരെ അറസ്‌റ്റ് ചെയ്യും. ട്രാക്കിൽ കയറുന്നതടക്കം ശല്യമുണ്ടാക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കും. പാസുള്ളവരെ മാത്രം കടത്തിവിടുന്നതിന് ഫിനിഷിങ് പോയന്റിൽ പ്രധാന കവാടത്തിലേക്കുള്ള റോഡിൽ ബാരിക്കേഡ് സ്ഥാപിക്കും. അതിക്രമിച്ച് കയറുന്നവർക്കെതിരെയും ഇവരെ ബോട്ടിൽ എത്തിക്കുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കും. പാസുമായി പവിലിയനിൽ പ്രവേശിച്ചശേഷം പുറത്തുപോകുന്നവരെ തിരികെ പ്രവേശിപ്പിക്കില്ല. രാവിലെ എട്ടിനുശേഷം അധികൃതരുടേതല്ലാത്ത ബോട്ടുകളും സ്‌പീഡ് ബോട്ടുകളും വള്ളങ്ങളും മത്സരട്രാക്കിൽ പ്രവേശിക്കാൻ പാടില്ല. ലംഘിക്കുന്ന യാനങ്ങളെ പിടിച്ചുകെട്ടി പെർമിറ്റും ഡ്രൈവറുടെ ലൈസൻസും മൂന്ന് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ ശുപാർശചെയ്യും. രാവിലെ 10 മുതൽ ഡിടിപിസി ജെട്ടിമുതൽ പുന്നമടക്കായലിലേക്കും തിരിച്ചും ബോട്ട് സർവീസ് അനുവദിക്കില്ല.
വള്ളംകളി കാണാൻ ബോട്ടിലെത്തുന്നവർ രാവിലെ 10ന് മുമ്പ് എത്തണം. കനാലിലേക്കും കായലിലേക്കും പ്ലാസ്‌റ്റിക് കുപ്പികളടക്കമുള്ള മാലിന്യങ്ങൾ വലിച്ചെറിയാൻ പാടില്ല. ഇത് ശ്രദ്ധയിൽപ്പെട്ടാൽ അറസ്‌റ്റ് അടക്കമുള്ള നടപടികളുണ്ടാകും. പരസ്യമദ്യപാനം തടയാൻ റെയ്‌ഡുകൾ നടത്തും. ശനി രാവിലെ ഒമ്പതുമുതൽ നഗരത്തിൽ വാഹനഗതാഗത നിയന്ത്രണം ഉണ്ടാകും. രാവിലെ ആറുമുതൽ ആലപ്പുഴ നഗരത്തിൽ ജനറൽ ആശുപത്രി ജങ്‌ഷന് വടക്കുമുതൽ കൈചൂണ്ടി ജങ്‌ഷൻ, കൊമ്മാടി ജങ്‌ഷൻവരെയുള്ള റോഡരികിൽ പാർക്കിങ് അനുവദിക്കില്ല. അനധികൃതമായി പാർക്കുചെയ്യുന്ന വാഹനങ്ങൾ നീക്കി പിഴയീടാക്കും. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ ജില്ലാ കോടതി വടക്കെ ജങ്‌ഷൻമുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശടി ജങ്‌ഷൻവരെ ഗതാഗതം അനുവദിക്കില്ല. വൈഎംസിഎ തെക്കേ ജങ്‌ഷൻമുതൽ കിഴക്ക് അഗ്‌നിരക്ഷാസേന ഓഫീസുവരെ കെഎസ്ആർടിസി ഒഴികെയുള്ള വാഹനങ്ങളും അനുവദിക്കില്ല. ആലപ്പുഴ–-തണ്ണീർമുക്കം റോഡിലൂടെ വടക്കുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എസ്ഡിവി സ്‌കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യണം. എറണാകുളം ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ കൊമ്മാടി, ശവക്കോട്ടപ്പാലം വടക്കേ ജങ്‌ഷൻ വഴി എസ്ഡിവി സ്‌കൂൾ ഗ്രൗണ്ടിലെത്തി പാർക്കുചെയ്യണം. ചങ്ങനാശേരി ഭാഗത്തുനിന്ന് കൈതവനയിലൂടെ വരുന്ന വാഹനങ്ങൾ കാർമൽ സ്‌കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യണം.
വള്ളംകളി കഴിഞ്ഞ് നെഹ്റു പവിലിയനിൽനിന്ന് തിരികെ പോകാൻ യാത്രാബോട്ടുണ്ട്.
വെള്ളിമുതൽ ഗതാഗതവും പാർക്കിങ്ങും നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിക്കും.
28ന് രാവിലെ ആറുമുതൽ രാത്രി എട്ടുവരെ ജലമേള നടക്കുന്ന ട്രാക്കിന് 100 മീറ്റർ ചുറ്റളവിൽ താൽകാലിക റെഡ്‌സോണായി പ്രഖ്യാപിക്കും. ട്രാക്കിന് 100 മീറ്റർ ചുറ്റളവിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒഴികെ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..