ഫെബിൻ ജോഷി
ആലപ്പുഴ
2023 ആഗസ്‌തിലെ രണ്ടാം ശനി. ചമ്പക്കുളം വള്ളത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ് (കെടിബിസി) മഴയിൽ കുതിർന്നുനിന്ന പുന്നമടയിലേക്ക് എത്തുമ്പോൾ അത്രയൊന്നും ആർപ്പുവിളികളുടെയും ആരാധകരുടെയും അകമ്പടിയൊന്നുമുണ്ടായിരുന്നില്ല. പ്രതാപകാലത്തിന്റെ നിഴലായാണ് കെടിബിസി എത്തിയത്. നാലാം കിരീടം ലക്ഷ്യമിട്ടെത്തിയ പള്ളാത്തുരുത്തിയുടെ വീരുവും യുബിസിയുടെ നടുഭാഗവും കരുത്തരായ പൊലീസ് തുഴയെറിഞ്ഞ കാട്ടിൽതെക്കേതും വില്ലേജ് ബോട്ട് ക്ലബ്ബിന്റെ കാരിയുമെല്ലാം അണിനിരന്ന ‘താരനിര’ പുന്നമടയുടെ ആർപ്പുവിളികളും ആരവങ്ങളുമെല്ലാം കൈയടക്കി.
എന്നാൽ ഹീറ്റ്‌സ് സമാപിച്ചതോടെ കഥമാറി. രണ്ടാം ഹീറ്റ്‌സിൽ യുബിസിയുടെ നടുഭാഗത്തിന് (4:24.58) പിന്നിൽ രണ്ടാമതായാണ് കെടിബിസി (4:26.41) ഫിനിഷ് ചെയ്‌തത്. മൂന്നാം ഹീറ്റ്‌സിൽ പൊലീസിന്റെ മഹാദേവികാട് കാട്ടിൽതെക്കേതിൽ (4:27.55) ഫൈനൽ യോഗ്യതനേടി. നാലാം ഹീറ്റ്‌സിൽ 4:35.89 മിനിറ്റിൽ തലവടി ചുണ്ടൻ ഫിനിഷ് ചെയ്‌തു. അഞ്ചാം ഹീറ്റ്‌സിൽ നിരണം ചുണ്ടനും (4:31.46) കാരിച്ചാലും (4:33.12) ഫിനിഷിങ് ലൈൻ പിന്നിട്ടതോടെ അവസാന പോരിലാരെന്നതിന് തീർച്ച വന്നു.
ഹീറ്റ്‌സിലെ മികച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ വീയപുരവും നടുഭാഗവും കാട്ടിൽതെക്കേതിലും അണിനിരക്കുന്ന ഫൈനൽ ലൈനപ്പിലേക്ക് കുമരകത്തിന്റെ ചമ്പക്കുളവും. അതിശക്തർക്കൊപ്പം കലാശപ്പോരിനിറങ്ങുമ്പോഴും കുമരകത്തിന്റെ ആരാധകർ അത്ര സന്തോഷത്തിലായിരുന്നില്ല. എന്നാൽ ഫൈനൽ വിസൽ മുഴങ്ങിയതോടെ പുന്നമട സാക്ഷിയായത് കെടിബിസിയുടെ തേരോട്ടത്തിന്. നാലാം കിരീടം ലക്ഷ്യമിട്ടെത്തിയ പള്ളാത്തുരുത്തി ബോട്ട്‌ക്ലബ്ബിന്റെ കുതിപ്പിന് കുമരകം പലകുറി തടയിട്ടു. വീറും വാശിയും നിറഞ്ഞ പോര് ഗാലറിയെ ആവേശത്തിലാഴ്‌ത്തി. വീരുവിനൊപ്പം കുതിച്ച ചമ്പക്കുളത്തിനായി ആരാധകർ ആർത്തുവിളിച്ചു. ഫോട്ടോ ഫിനിഷിൽ തീർന്ന മത്സരത്തിൽ കുമരകം കരുത്തിന് വെള്ളിക്കപ്പ് നഷ്‌ടമായത് തുഴപ്പാടുകൾക്ക് മാത്രം പിന്നിൽ. ഒരു സെക്കൻഡിന്റെ ആറിൽ ഒന്ന് സമയത്തിന് മാത്രം പിന്നിലായിരുന്നു രണ്ടാംസ്ഥാനക്കാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..