സ്വന്തം ലേഖകൻ
ആലപ്പുഴ
വയനാട്ടിലെ പുനരധിവാസം തടയാനും കേന്ദ്രസഹായം മുടക്കാനുമുള്ള മാധ്യമ ഗൂഢാലോചനയ്‌ക്കെതിരെ കേരളത്തിന്റെ ഉശിരൻ പ്രതിഷേധം. ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ മുണ്ടക്കൈ, ചൂരൽമല, പുഞ്ചരിമട്ടം പ്രദേശങ്ങളുടെ പുനരുജ്ജീവനത്തിനായി സംസ്ഥാന സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി കൈകോർത്തു മുന്നേറുമ്പോൾ, അതിനു തുരങ്കംവയ്‌ക്കാൻ ലക്ഷ്യമിട്ട് ഒരു വിഭാഗം മാധ്യമങ്ങൾ നടത്തുന്ന നുണപ്രചാരണത്തെ തുറന്നുകാട്ടി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച ബഹുജന കൂട്ടായ്‌മയിൽ പതിനായിരങ്ങൾ അണിചേർന്നു.
സിപിഐ എമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടായ്‌മയിൽ ഭാഗമാകാൻ കക്ഷി രാഷ്ട്രീയഭേദമില്ലാതെ ജനങ്ങളെത്തി. ഉരുൾപൊട്ടലിലിനെ തുടർന്നുള്ള നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടത്തിന്റെ പേരിലാണ് ഒരുവിഭാഗം മാധ്യമങ്ങൾ പച്ചനുണ പ്രചരിപ്പിച്ചത്. കേന്ദ്ര സംഘത്തിന്റെ സഹായത്തോടെ മാനദണ്ഡപ്രകാരം തോയ്യാറാക്കിയ നിവേദനത്തിലെ എസ്‌റ്റിമേറ്റിനെ സർക്കാരിന്റെ കൊള്ള എന്നും കള്ളക്കണക്ക് എന്നുമാണ് ഈ മാധ്യമങ്ങൾ പ്രചരിപ്പിച്ചത്.
ദുരിതബാധിതരെയും സഹായങ്ങൾ നൽകിയവരെയും തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു നുണപ്രചാരണം. യാഥാർഥ്യം ബോധ്യപ്പെട്ട ചില മാധ്യമങ്ങൾ തിരുത്താൻ തയ്യാറായെങ്കിലും ഒരു വിഭാഗം ഇപ്പോഴും സംസ്ഥാന സർക്കാരിനെതിരെ നുണപ്രചാരണം തുടരുകയാണ്. അതേറ്റുപിടിച്ച് പ്രതിപക്ഷവും ബിജെപിയും കുപ്രചാരണം നടത്തുന്നു. ഈ സാഹചര്യത്തിലാണ് വയനാട് ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളിലും മറ്റു ജില്ലകളിൽ ജില്ലാ കേന്ദ്രങ്ങളിലും ബഹുജന കൂട്ടായ്‌മകൾ സംഘടിപ്പിച്ചത്.
തലസ്ഥാനത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം നടത്തിയ കൂട്ടായ്‌മ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്‌ഘാടനം ചെയ്‌തു.
ആലപ്പുഴ നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്‌മ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. എച്ച് സലാം എംഎൽഎ സംസാരിച്ചു.
മുനിസിപ്പൽ ടൗൺഹാളിന് മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം ജില്ലാ കോടതി പാലത്തിന് സമീപം സമാപിച്ചു. ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ സ്വാഗതം പറഞ്ഞു. വി ടി രാജേഷ് അധ്യക്ഷനായി.
വളവനാട് ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധകൂട്ടായ്മ ജില്ലാ കമ്മിറ്റി അംഗം കെ ആർ ഭഗീരഥൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി ഡി അംബുജാക്ഷൻ, കെ ബി ബിനു എന്നിവർ സംസാരിച്ചു.
തമ്പകച്ചുവട് ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി കെ ഉല്ലാസ് സംസാരിച്ചു .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..