27 October Sunday
ജനറല്‍ ആശുപത്രിക്ക് പുതിയ ഒപി ബ്ലോക്ക്‌

സജ്ജമാക്കിയത് 16.4 കോടിയുടെ 
നൂതന സംവിധാനങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

ആലപ്പുഴ ജനറൽ ആശുപത്രിയിലെ പുതിയ ഒ പി ബ്ലോക്ക്

അഞ്ജലി ഗംഗ
ആലപ്പുഴ
മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച നാടിന് സമർപ്പിക്കുന്ന ആലപ്പുഴ ജനറൽ ആശുപത്രിയിലെ പുതിയ ഏഴുനില ഒപി ബ്ലോക്കിൽ ഒരുക്കിയിട്ടുള്ളത് അത്യാധുനിക രോഗനിർണയ, ചികിത്സാ സൗകര്യങ്ങൾ. സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന നൂതന സംവിധാനങ്ങളാണ് ആരോഗ്യവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ സ്ഥാപനമായ ജനറൽ ആശുപത്രിയിലെ പുതിയ ബ്ലോക്കിലുള്ളത്‌. 
കിഫ്ബി വഴി 117കോടി രൂപ ചെലവഴിച്ചു നിർമാണം പൂർത്തിയാക്കിയ ബ്ലോക്കിൽ ചികിത്സാ ഉപകരണങ്ങൾക്ക് മാത്രം 16.43 കോടി രൂപ ചെലവഴിച്ചു. കേരള മെഡിക്കൽ സർവീസ് കോർപറേഷൻ വഴി 94 ഉപകരണങ്ങളാണ് ആശുപത്രിയിലേക്ക് ഇതിനായി വാങ്ങിയത്. എംആർഐ, സിടി സ്‌കാനിങ്‌ മെഷീനുകൾ, റിട്രോഫിറ്റ് ഡിജിറ്റൽ എക്‌സ്‌റേ സംവിധാനം, ഒപിജി സംവിധാനം, മാമ്മോഗ്രാഫി മെഷീൻ, ഫൈബ്രോ ഒപ്റ്റിക് ബ്രോങ്കോസ്‌കോപ്പി അടക്കമുള്ള ഉപകരണങ്ങൾ ഇതിലുണ്ട്. ഫർണിച്ചറിനായി 1.66കോടി രൂപയും ചെലവഴിച്ചു.
 
360 ഡിഗ്രി മെറ്റബോളിക് സെന്റർ
പ്രമേഹത്തിന്റെ സങ്കീർണതകളായ ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറൽ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 360 ഡിഗ്രി മെറ്റബോളിക് സെന്റർ സ്ഥാപിച്ചത്. ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കുന്നതിന് നോൺ മിഡ്‌റിയാട്രിക് കാമറകൾ സെന്ററിൽ സ്ഥാപിച്ചിട്ടുണ്ട്. രക്താതിമർദം, പ്രമേഹം, ബോഡി മാസ് ഇൻഡക്‌സ് തുടങ്ങിയ അടിസ്ഥാന പരിശോധനകൾക്കായി മുറിയെ വിവിധ കാബിനുകളായി തിരിച്ച് ഡയബറ്റിക് പരിശോധന, റെറ്റിനോപ്പതി ക്ലിനിക്ക്, പിഎഫ്ടി ക്ലിനിക്‌, നെഫ്രോപ്പതി പരിശോധന, കാൻസർ ക്ലിനിക്‌, ഡയറ്റ് കൗൺസിലിങ്‌, സ്‌മോക്കിങ്‌ സെഷൻ എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ വ്യക്തിഗത ക്യുബിക്കിളുകളിൽ മെഡിക്കൽ കൺസൾട്ടേഷനും ഇവിടെ നിന്ന് ലഭിക്കും. പ്രമേഹം, രക്താദിമർദം എന്നിവയ്ക്ക് പുറമേ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളെയും കാലുകളെയും ബാധിക്കുന്ന പ്രമേഹ പരിശോധന, പൾമണറി ഫങ്ഷൻ ടെസ്റ്റ്, ഡയറ്റ് കൗൺസിലിങ്‌ തുടങ്ങിയ എല്ലാസേവനങ്ങളും ഒരു കുടക്കീഴിൽ ലഭിക്കും എന്നതാണ് 360 ഡിഗ്രി മെറ്റബോളിക് സെന്ററിന്റെ പ്രത്യേകത. 
 
എംആർഐ സ്‌കാൻ
സങ്കീർണമായ ശരീരഘടനയുടെ ചിത്രങ്ങൾ ലഭ്യമാക്കി കൃത്യതയാർന്ന രോഗനിർണയം നടത്താൻ സഹായിക്കുന്ന എംആർഐ സ്‌കാനിങ്‌ മെഷീൻ. അതിശക്തമായ കാന്തികമണ്ഡലം സൃഷ്ടിച്ചെടുത്താണ് സ്‌കാനിങ്‌ നടത്തുന്നത്. പേശികൾ, സന്ധികൾ, അസ്ഥികൾ, ഞരമ്പുകൾ, സുഷുമ്‌ന കശേരുക്കൾ, രക്തവാഹിനികൾ തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളുടെയും എംആർഐ പരിശോധന സാധ്യമാവും. തലച്ചോറ്, നട്ടെല്ല്, വയർ, കഴുത്ത്, കൈകാൽമുട്ട് എന്നിവയുടെ പരിശോധനകൾക്ക് എംആർഐ ഗുണകരമാണ്. റേഡിയേഷൻ മൂലമുള്ള ദൂഷ്യഫലങ്ങൾ എംആർഐ സ്‌കാനിങ്ങിനില്ല.  
 
സി ടി സ്‌കാനിങ്‌    
പല ആംഗിളുകളിൽനിന്ന്‌ തുടർച്ചയായ എക്‌സറേ വികിരണങ്ങൾ ഉപയോഗിച്ച് ലഭ്യമാക്കുന്ന ഡാറ്റാ കംപ്യൂട്ടറിൽ സംയോജിപ്പിച്ച് എല്ലുകളുടെയും ആന്തരികാവയവങ്ങളുടെയും ഛേദ ചിത്രങ്ങളായി ലഭ്യമാക്കി രോഗാവസ്ഥ കണ്ടെത്താൻ സഹായിക്കും. കോൺട്രാസ്റ്റ് ഡൈ കടത്തിവിട്ടുകൊണ്ടുള്ള സി ടി സ്‌കാനിങ്‌ കാൻസർ, മുഴകൾ, രക്തധമനികളുടെ പ്രശ്‌നങ്ങൾ എന്നിവ വ്യക്തതയോടെ കാണിച്ചുതരുന്നു.  
 
റിട്രോഫിറ്റ് ഡിജിറ്റൽ എക്‌സ്‌റേ 
നിലവിലുള്ള എക്‌സ്‌റേ പരിശോധനാ രീതികളെ അപേക്ഷിച്ച് വേഗതയിൽ കൂടുതൽ വ്യക്തമായതും തെളിച്ചമുള്ളതുമായ എക്‌സ്‌റേ ചിത്രങ്ങൾ കുറഞ്ഞ റേഡിയേഷനിൽ ലഭ്യമാക്കുന്ന നൂതന സംവിധാനമാണ് റിട്രോഫിറ്റ് ഡിജിറ്റൽ എക്‌സ്‌റേ സംവിധാനം. കുറഞ്ഞ റേഡിയേഷൻ, പെട്ടെന്നുള്ള ചിത്രലഭ്യത, വ്യക്തതയുള്ളതും കൃത്യമായതുമായ എക്‌സ്‌റേ ഫിലിമുകൾ, സമയലാഭം എന്നിവയാണ് ഈ പരിശോധനാ രീതി കൊണ്ടുള്ള ഗുണങ്ങൾ.   
 
ഒപിജി 
ദന്തക്ഷയം, മോണരോഗം, ആഘാതമേറ്റ പല്ലുകൾ, വായക്കുള്ളിൽ ഉണ്ടാകുന്ന കുരുക്കൾ, സിസ്റ്റുകൾ, മുഴകൾ, ഒടിവുകൾ എന്നീ ദന്തരോഗാവസ്ഥകൾ നിർണയിക്കാൻ ഒപിജി എക്‌സ്‌റേ പരിശോധന സഹായിക്കും. 
 
മാമ്മോഗ്രാഫി 
എക്‌സ്‌റേ ഉപയോഗിച്ച് നടത്തുന്ന സ്തനരോഗനിർണയം അല്ലെങ്കിൽ സ്തനരോഗ സാധ്യതാപഠന പരിശോധനയാണ് ഇത്. രോഗലക്ഷണങ്ങൾ ഇല്ലാതെ തന്നെ രോഗസാധ്യത നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കാൻ മാമ്മോഗ്രാഫി  സഹായിക്കും.  
 
ഫൈബ്രോ ഒപ്റ്റിക് ബ്രോങ്കോസ്‌കോപ്പി
ശ്വാസകോശരോഗങ്ങളും ശ്വാസകോശ കാൻസറും നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള  ഇന്റർവെൻഷണൽ പൾമണോളജി സംവിധാനമാണിത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top