25 December Wednesday

കോൺഗ്രസ്‌ വർഗീയശക്തികളുമായി 
മുന്നണിയുണ്ടാക്കുന്നു: മന്ത്രി സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

സിപിഐ എം മാന്നാർ ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ 
ഉദ്‌ഘാടനംചെയ്യുന്നു

 

മാന്നാർ 
വർഗീയശക്തികളുമായി മുന്നണിയുണ്ടാക്കി മത്സരിക്കുന്ന അവസരവാദികളുടെ പാർടിയായി കോൺഗ്രസ്‌ മാറിയെന്ന്‌ മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുലിയൂരിൽ സിപിഐ എം മാന്നാർ ഏരിയ സമ്മേളനത്തിന്റെ  പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ബംഗാളിലും ത്രിപുരയിലും നടത്തിയത്‌ പോലെ കേരളത്തിലും സിപിഐ എമ്മിനെയും സർക്കാരിനെയും തകർക്കാനാണ്‌ ശ്രമം. ബംഗാളിൽ മാവോയിസ്‌റ്റുകളും കോൺഗ്രസും ബിജെപിയും തൃണമൂൽ കോൺഗ്രസും സകല വലതുപക്ഷ ശക്തികളും ഒരുമിച്ചു.  
എങ്ങനെയും അധികാരത്തിലെത്താൻ ഏത്‌ വർഗീയ ശക്തിയെയും കൂട്ടുപിടിക്കാൻ കോൺഗ്രസ്‌ തയ്യാറായി. ഇടതുപക്ഷം വർഗീയ ശക്തികളുടെ വോട്ട്‌ വേണ്ടെന്ന്‌ പേരെടുത്തുപറഞ്ഞ്‌ നിലപാടെടുത്തു. എന്നാൽ കോൺഗ്രസ്‌ കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിലും എസ്‌ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും വോട്ടുവാങ്ങി. 
കുറച്ചുപേരെ തെറ്റായ പ്രചാരണത്തിൽ കുടുക്കാൻ വർഗീയവാദികൾക്ക്‌  കഴിഞ്ഞു. മുസ്ലിം, ഹിന്ദു ധ്രുവീകരണമുണ്ടായാൽ മതനിരപേക്ഷമായി കേരളത്തിന്‌ നിലനിൽക്കാൻ കഴിയുമോ. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പ്രയോഗിച്ചത്‌ ഇത്തരത്തിൽ അപകടകരമായ രാഷ്‌ട്രീയമാണ്‌.  ഇടതുപക്ഷത്തിന്‌ വോട്ടുകുറഞ്ഞില്ല. ഹിന്ദുത്വ ധ്രുവീകരണത്തിന്‌ ശ്രമം പരാജയപ്പെട്ടതിനാൽ ബിജെപി തകർന്നടിഞ്ഞു. 
എല്ലാ വർഗീയതയെയും ഒരുപോലെ ചോദ്യംചെയ്യുകയാണ്‌ പിണറായി  സർക്കാർ. കഴിഞ്ഞ എട്ട്‌ വർഷമായി വർഗീയ കലാപങ്ങളില്ലാത്ത നാടായി ഇടതുപക്ഷം കേരളത്തെ കാത്തു. വിശ്വാസസമൂഹത്തെ കൂടെ നിർത്തി വർഗീയതയെ ചോദ്യംചെയ്യുന്ന സർക്കാരിനെയും പ്രസ്ഥാനത്തെയും കൂടുതൽ കരുത്തുറ്റതാക്കമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top