ആലപ്പുഴ
ഇടതുപക്ഷത്തിന് ബിജെപിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കോൺഗ്രസുകാർ അവരുടെ ചരിത്രം വിസ്‌മരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ. ‘വർഗീയത ഉയർത്തുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ അമ്പലപ്പുഴ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇ എം എസിനെയും എ കെ ജിയെയും പരാജയപ്പെടുത്താൻ സംഘപരിവാറിനൊപ്പം സംയുക്ത സ്ഥാനാർഥിയെ നിർത്തിയവരാണ് കോൺഗ്രസുകാർ. 1991ലെ വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ലീഗും ബിജെപിയും കൈകോർത്തു. ബേപ്പൂരിലും ഇത് തുടർന്നു. പക്ഷെ ജനങ്ങൾ തിരസ്‌കരിച്ചു.
പ്രതിപക്ഷ നേതാവായ വി ഡി സതീശനാണ് ഗോൾവാൾക്കറിന്റെ ജന്മശതാബ്‌ദി വാർഷികത്തിൽ വിളക്കുകൊളുത്തിയത്. കെ സുധാകരനാണ് ശാഖകൾക്ക് കാവൽ നിൽക്കുമെന്ന് പറഞ്ഞത്. വടകരയിൽ ബിജെപി ഡീൽ നടന്നതിന്റെ ഭാഗമാണ് തൃശൂരിൽ ബിജെപി സ്ഥാനാർഥി ജയിച്ചതെന്ന് വിളിച്ചുപറഞ്ഞത് കോൺഗ്രസിന്റെതന്നെ നേതാക്കളാണ്. തെരഞ്ഞെടുപ്പിൽ നാലുകോടി രൂപ കള്ളപ്പണം കോൺഗ്രസ് കൈപ്പറ്റിയെന്നും വെളിപ്പെടുത്തലുണ്ടായി.
സംഘപരിവാറിനെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന സിപിഐ എമ്മിനെതിരെ മാധ്യമങ്ങളുടെ കൂട്ടുപിടിച്ച് നുണക്കഥകൾ മെനയുകയാണ് കോൺഗ്രസ്. മതരാഷ്‌ട്രം വേണമെന്ന് വാദിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായാണ് കോൺഗ്രസ് സഖ്യം ചേരുന്നത്. മുസ്ലിം ലീഗും ഇപ്പോൾ മതേതരസ്വഭാവത്തിൽനിന്ന് മാറി എസ്‌ഡിപിഐയോട് ചേർന്ന് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നു.
ഇതിനെ ചെറുത്ത് നാട്ടിൽ ഐക്യം പുലരണമെങ്കിൽ ഇടതുപക്ഷത്തിനൊപ്പം ചേർന്നുനിൽക്കണമെന്നും പുത്തലത്ത് ദിനേശൻ പറഞ്ഞു.
ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം എംഎൽഎ, ഏരിയ കമ്മിറ്റിയംഗങ്ങളായ സി ഷാംജി, വി കെ ബൈജു, വണ്ടാനം ലോക്കൽ സെക്രട്ടറി ബി അൻസാരി, ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്‌കൂൾ അധ്യാപകൻ ഡോ. മൈക്കിൾ സെബാസ്‌റ്റ്യൻ എന്നിവർ സംസാരിച്ചു. ആർ രാഹുൽ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..