25 December Wednesday

പാതിരാമണൽ ഫെസ്‍റ്റിന് 
നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

പാതിരാമണൽ ഫെസ്റ്റിന്റെ പ്രചാരണാർഥം മുഹമ്മ എ ബി വിലാസം സ്‍കൂളിലെ എൻഎസ്എസ് വളന്റിയർമാർ കായിപ്പുറത്ത് ഫ്ലാഷ്‍‍മോബ് അവതരിപ്പിച്ചപ്പോൾ

മുഹമ്മ 
മുഹമ്മ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയോത്സവമായി സംഘടിപ്പിക്കുന്ന പാതിരാമണൽ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. വ്യാഴാഴ്ച തുടങ്ങി  വൈവിധ്യമാർന്ന പരിപാടികളോടെ അഞ്ച് ദിവസമായി ഒരുക്കുന്ന ഫെസ്റ്റ് 30 ന് സമാപിക്കും. കായിപ്പുറം ജങ്ഷൻ മുതൽ ജെട്ടിവരെ റോഡിന്റെ ഇരുവശങ്ങളും വൈദ്യുതാലങ്കാരങ്ങളാൽ കമനീയമായി.  ഫെസ്റ്റിന്റെ പ്രചാരണാർഥം മുഹമ്മ എ ബി വിലാസം സ്കൂളിലെ എൻ എസ് എസ് വളന്റിയർമാർ കായിപ്പുറത്ത് ചൊവ്വാഴ്ച ഫ്ലാഷ് മോബ് ഒരുക്കി. 
വ്യാഴാഴ്ച  സാംസ്‌കാരിക ഘോഷയാത്രയോടെ  ഫെസ്റ്റ്  ആരംഭിക്കും. വൈകിട്ട് നാലിന് കൊച്ചനാകുളങ്ങര ക്ഷേത്രം, ആസാദ്‌ എൽ പി സ്കൂൾ, സംസ്കൃത ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നും ജാഥ ആരംഭിച്ച് കായിപ്പുറം ബോട്ട് ജെട്ടിക്ക് സമീപം ഉദ്ഘാടനസ്ഥലത്ത് എത്തിച്ചേരും. തുടർന്ന് മന്ത്രി സജി ചെറിയാൻ ഫെസ്റ്റിന് തിരിതെളിക്കും. മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. മന്ത്രി പി എ മുഹമ്മദ്‌ റിയാസ് മുഖ്യപ്രഭാഷണം നടത്തും. കെ സി വേണുഗോപാൽ എം പി മുഖ്യാതിഥിയാകും. മുഹമ്മയിലെ പ്രതിഭകളെ മുൻ എം പി എ എം ആരിഫ് അനുമോദിക്കും. സമ്മേളനശേഷം പാലക്കാട്‌ നിഴൽ നാടൻപാട്ടുകൾ അവതരിപ്പിക്കും.
27, 28, 30 തീയതികളിൽ  രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ ദ്വീപിൽ വിവിധ വാർഡുകളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ. 27 ന് പകൽ രണ്ടിന് ആര്യക്കര ഗൗരി നന്ദനം ഓഡിറ്റോറിയത്തിൽ നവോത്ഥാനത്തിന്റെ ചരിത്രവും വർത്തമാനവും വിഷയത്തിൽ സെമിനാർ. എൻ എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. വി കാർത്തികേയൻ വിഷയം അവതരിപ്പിക്കും. വൈകിട്ട് ഏഴ് മുതൽ കായിപ്പുറം ബോട്ട് ജെട്ടിയിൽ എ ബി വിലാസം സ്കൂളിലെ ദി ബീറ്റ്റൂട്ട്സിന്റെ  മ്യൂസിക് ഫ്യൂഷൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top