ആലപ്പുഴ
എഴുപതാം നെഹ്‌റുട്രോഫി ജലോത്സവം പൂര്‍ണമായും ഹരിതചട്ടം പാലിച്ച് സേവ് വേമ്പനാട് സന്ദേശത്തോടെ നടപ്പാക്കാൻ നഗരസഭ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ കോടതി പാലംമുതല്‍ കിഴക്കോട്ട് പുന്നമട ബോട്ട് ജെട്ടിവരെയും കെഎസ്ആര്‍ടിസി ബസ് സ്‌റ്റാൻഡ്, ബോട്ട് ജെട്ടി പരിസരവും ഗ്രീന്‍ സോണ്‍ ആയി പ്രഖ്യാപിക്കും.
പവലിയനിലും ഗ്യാലറിയിലും പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രകൃതിസൗഹൃദ ഉൽപ്പന്നങ്ങളാലാണെന്ന് ഉറപ്പാക്കും. പരസ്യ നോട്ടീസുകള്‍ ഗ്രീന്‍ സോണില്‍ പൂര്‍ണമായും ഒഴിവാക്കും. ഗ്രീന്‍ സോണില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക് ഉൽപ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കും. കുടിവെള്ള കുപ്പികള്‍, ഭക്ഷണപ്പൊതികള്‍ ലഘുഭക്ഷണ പാക്കറ്റ് എന്നിവയില്‍ സ്‌റ്റിക്കറുകള്‍ പതിച്ച് 10 രൂപ ഈടാക്കും.
അന്നേദിവസം ജലോത്സവം കഴിഞ്ഞ് സ്‌റ്റിക്കര്‍ പതിച്ച കുപ്പികളും പാക്കറ്റുകളും തിരികെ ഹാജരാക്കുന്ന മുറയ്‌ക്ക് തുക തിരികെ നല്‍കും. ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ സോണ്‍ മേഖലയില്‍ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് താല്‍ക്കാലിക ബിന്നുകള്‍ സ്ഥാപിച്ച് ബിന്നുകള്‍ക്ക് സമീപം നഗരസഭ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള വളന്റിയര്‍മാര്‍മാരുടെ സേവനം ഉറപ്പാക്കും.
ജലോത്സവത്തിന് മുന്നോടിയായി നടത്തുന്ന സാംസ്‌കാരിക ഘോഷയാത്ര പൂര്‍ണമായും ഹരിതചട്ടങ്ങള്‍ പാലിച്ച് നടത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വൈഎംസിഎമുതല്‍ പുന്നമട ഫിനിഷിങ് പോയിന്റുവരെ ജലാശയങ്ങള്‍ ചെറുവള്ളങ്ങള്‍ ഉപയോഗിച്ച് വൃത്തിയാക്കും. ജലമേളയ്‌ക്കുശേഷം ജനപ്രതിനിധികള്‍, നഗരസഭാ ജീവനക്കാര്‍, തൊഴിലാളികള്‍, ഹരിതകര്‍മസേന, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പവലിയനും റോഡും വൃത്തിയാക്കും.
നഗരസഭാ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ കെ ജയമ്മ അധ്യക്ഷയായി. വൈസ്ചെയര്‍മാന്‍ പി എസ് എം ഹുസൈന്‍, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ എസ് കവിത, കൗണ്‍സിലര്‍മാരായ അമ്പിളി അരവിന്ദ്, സുമ, ലിന്റ ഫ്രാന്‍സിസ്, പ്രജിത കണ്ണന്‍, ഹെല്‍ത്ത് ഓഫീസര്‍ കെ പി വര്‍ഗീസ്, നോഡല്‍ ഓഫീസര്‍ സി ജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാരായ ബി എ ഷാംകുമാര്‍, കെ കൃഷ്‌ണമോഹന്‍, ശങ്കര്‍ മണി, എം ജിഷ, ഹരിത കേരള മിഷന്‍ റിസോഴ്‌സ്‌പേഴ്സണ്‍ വി രേഷ്‌മ എന്നിവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..