23 December Monday

നെഹ്‌റുട്രോഫി വള്ളംകളി: ബോണസ് അഡ്വാൻസ് ആഗസ്‌ത്‌ 5 മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024
ആലപ്പുഴ
ആഗസ്‌ത്‌ 10-ന് പുന്നമട കായലിൽ നടക്കുന്ന 70–-ാമത് നെഹ്റുട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന ബോട്ട് ക്ലബ്ബുകൾക്കുള്ള ബോണസിന്റെ അഡ്വാൻസ് തുക ആഗസ്‌ത്‌ അഞ്ചുമുതൽ നൽകും. ബോട്ട് റേസ് കമ്മിറ്റിയുടെ ചെയർമാനും കലക്‌ടറുമായ അലക്‌സ്‌ വർഗീസ്‌ അധ്യക്ഷനായി ചേർന്ന നെഹ്റുട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമായത്. എംഎൽഎമാരായ പി പി ചിത്തരഞ്‌ജൻ, എച്ച് സലാം, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, നഗരസഭാധ്യക്ഷ കെ കെ ജയമ്മ, എൻടിബിആർ സെക്രട്ടറിയായ സബ് കലക്‌ടർ സമീർ കിഷൻ, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ എം സി സജീവ്കുമാർ, വിവിധ സബ്കമ്മിറ്റി കൺവീനർമാർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 
മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്ക് നൽകുന്ന പെയിന്റ് കറുപ്പോ, തടിയുടെ നിറമോ ആയിരിക്കണം. തെക്കനോടി വിഭാഗത്തിൽ മത്സരിക്കാൻ രജിസ്‌റ്റർ ചെയ്യാൻ സാധിക്കാത്ത കമ്പനി വള്ളത്തിന് യോഗം രജിസ്ട്രേഷന് അനുമതി നൽകി. പവലിയന്റെ ഷീറ്റ് മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ ആഗസ്‌ത്‌ ആദ്യം തന്നെ പൂർത്തിയാക്കുമെന്ന് ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ അറിയിച്ചു. കനാൽ, റോഡുകൾ എന്നിവയുടെ വൃത്തിയാക്കൽ നടക്കുകയാണ്. വിവിധ സർക്കാർ ഓഫീസുകൾ വഴിയും ഓൺലൈനായും ടിക്കറ്റ് വാങ്ങാം. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സർക്കാർ ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും. സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ മുഖേനയാണ് ഓൺലൈൻ ടിക്കറ്റ് വിൽപ്പന. www.nehrutrophy.nic വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. കഴിഞ്ഞവർഷം 82 ലക്ഷം രൂപയുടെ ടിക്കറ്റ് വിൽപ്പന നടന്നു. ഇത്തവണ 25,000 രൂപയുടെ (നാലുപേർക്ക് പ്രവേശനം) ടിക്കറ്റുമുണ്ട്‌. ആഗസ്‌ത്‌ അഞ്ചുമുതൽ അഞ്ചുദിവസം കൾച്ചറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ സാംസ്‌കാരിക പരിപാടികൾ നടക്കും. പൂർണമായും ഹരിതചട്ടം പാലിച്ചാകും വള്ളംകളി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top