05 November Tuesday
കുവൈത്ത് ദുരന്തം

നാലംഗ കുടുംബത്തിന് യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024
 
ആലപ്പുഴ 
സ്വപ്നങ്ങൾ ബാക്കിവച്ച്  നാലുപേരും ഒന്നിച്ച്‌ യാത്രയായി. കുവൈത്ത് അബ്ബാസിയായിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച തലവടി നീരേറ്റുപുറം മുളയ്ക്കൽ മാത്യൂസ് വർഗീസ് (40), ഭാര്യ ലിനി എബ്രഹാം(39), മക്കളായ ഐറിൻ റേച്ചൽ മാത്യൂസ് (14), ഐസക് മാത്യൂസ്(10) എന്നിവരെ തലവടി പടിഞ്ഞാറേക്കര മാർത്തോമാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കരിച്ചു. 
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് രാവിലെ 5.30ന്‌  നാല് മൊബൈൽ മോർച്ചറികളിലായി മൃതദേഹങ്ങൾ മുളയ്ക്കൽ വീട്ടിൽ എത്തിച്ചു. വീട്ടിലെ ശുശ്രൂഷയ്‌ക്ക്‌ മുൻ വികാരി സുനിൽ മാത്യു നേതൃത്വം നൽകി. വിവിധ സഭകളിൽ നിന്നുള്ള പുരോഹിതരും പങ്കെടുത്തു. 8.30ന്‌ വീട്ടിൽ നിന്ന് വിലാപയാത്രയായി പള്ളിയിൽ എത്തിച്ചു. സംസ്കാരശുശ്രൂഷയ്ക്ക്  ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപോലീത്ത മുഖ്യകാർമികനായി. ഡോ. ഗ്രിഗോറിയോസ് മാർ സ്‌റ്റെഫാനോസ്, ഡോ. യുയാകീം മാർ കൂറിലോസ് സഫർഗൻ മെത്രാപോലീത്ത എന്നിവർ സഹകാർമികരായി. 
 മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എംപി, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, എംഎൽഎമാരായ മാത്യു ടി തോമസ്, തോമസ് കെ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ,ജി വേണുഗോപാൽ. കെ കെ അശോകൻ, ജി ഉണ്ണികൃഷ്ണൻ, കെ കെ ഷാജുഎന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. 1.30ന്‌  മൃതദേഹങ്ങൾ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
19ന് വൈകിട്ട് അഞ്ചിന്‌ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപത്തെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിലാണ്‌ ഇവർ മരിച്ചത്‌. കുവൈത്തിൽ റോയിട്ടേഴ്സിൽ വിവര സാങ്കേതിക വിഭാഗം എൻജിനിയറായിരുന്നു മാത്യൂസ്. ലിനി എബ്രഹാം അബ്ബാസിയയിലെ അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സും. ഐറിൻ അബ്ബാസിയ ഭവൻസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും ഐസക് നാലാം ക്ലാസ് വിദ്യാർഥിയുമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top