22 December Sunday
അങ്കണവാടിയെ ചേർത്ത് അക്ഷരയാത്ര

പത്തിലങ്കത്തിന് ലീലയ്ക്ക് 
66 ന്റെ ബാല്യം

സ്വന്തം ലേഖകൻUpdated: Monday Aug 26, 2024

ലീല കൃഷ്‌ണന് സാക്ഷരത പ്രേരക്‌ പുഷ്‍പലത ഉണ്ണികൃഷ്‌ണൻ 
ഏഴാംതരം തുല്യതാ പരീക്ഷാ ചോദ്യപേപ്പർ നൽകുന്നു

 
ആലപ്പുഴ
‘‘അതിനെന്താ ഇനിയും പഠിക്കാം.. പത്താംതരം വരട്ടെ, അതും എഴുതാം.’’–- പ്രായം അറുപത്തിയാറ്‌ കഴിഞ്ഞെങ്കിലും ലീലേച്ചിക്ക്‌ പഠനത്തോട്‌  അഭിനിവേശത്തിന്‌ കുറവില്ല. തൈക്കാട്ടുശേരി പഞ്ചായത്ത്‌ 43–-ാം  അങ്കണവാടിയിൽനിന്ന്‌ രണ്ട്‌ ദിവസത്തെ ഏഴാംതരം തുല്യതാപരീക്ഷ എഴുതി മടങ്ങുമ്പോൾ പത്താതരം ലക്ഷ്യമിട്ട്‌ തുടർപഠനമെന്ന നിശ്‌ചയത്തിലാണ്‌ നികർത്തിൽ ലീല കൃഷ്‌ണൻ. 
  താമസിച്ചിരുന്ന പഴയവീടും മൂന്നു സെന്റ് സ്ഥലവും നാട്ടിലെ കുരുന്നുകൾക്ക്‌ അങ്കണവാടി നിർമിക്കാൻ പഞ്ചായത്തിന്‌ വിട്ടുനൽകിയ ലീലയാണ്‌ ഏഴാംതരം തുല്യതാ പരീക്ഷയെഴുതിയവരിൽ ജില്ലയിലെ എറ്റവും പ്രായം കൂടിയ പഠിതാവ്‌. തൈക്കാട്ടുശേരി നാലാം വാർഡിൽ വാടക കെട്ടിടത്തിലായിരുന്ന 41–ാം അങ്കണവാടി നിർമിക്കാനാണ്‌ 2022ൽ സ്ഥലം വിട്ടുനൽകിയത്‌. എട്ടുവർഷം മുമ്പ്‌ ഭർത്താവ് കൃഷ്ണൻ മരിച്ചശേഷം ലീല ഒറ്റയ്ക്കായിരുന്നു താമസം. പുതിയ അങ്കണവാടിയോട്‌ ചേർന്ന്‌ പഞ്ചായത്ത്‌ ലീലയ്‌ക്കും താമസസൗകര്യമൊരുക്കി. അങ്കണവാടിയോട്‌ ചേർന്ന മുറിയിൽ മരണംവരെ താമസിക്കാൻ അവകാശം നൽകി. 
   ‘ഇപ്പോൾ ഞാൻ ഒറ്റയ്‌ക്കല്ലല്ലോ. രാവിലെ കുഞ്ഞുങ്ങളെത്തും. പിന്നെ അവരുടെ കളിയും ചിരിയും കരച്ചിലുമൊക്കെയായി അങ്ങനെ പോകും.’–- സ്ഥലം വിട്ടുനൽകിയതിനെക്കുറിച്ച്‌ ലീല പറയുന്നതിങ്ങനെ. മികവുത്സവം സാക്ഷരത ക്ലാസിലൂടെയാണ്‌ വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്‌ ലീലയെത്തുന്നത്‌. തുടർന്ന് ‘അതുല്യം’ നാലാംതരം തുല്യതാ പരീക്ഷയെഴുതി. പിന്തുണയുമായി തൈക്കാട്ടുശേരി പഞ്ചായത്തിലെ സാക്ഷരത പ്രേരക് പുഷ്പലത ഉണ്ണികൃഷ്‌ണനും ഒപ്പമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top