ആലപ്പുഴ
നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ആലപ്പുഴ എസ്ഡിവി ഗേൾസ് ഹൈസ്‌കൂളിൽ ചെയർമാൻ കൂടിയായ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. സെന്റ് ജോസഫ് സ്‌കൂളായിരിക്കും ശാസ്‌ത്രമേളയുടെ പ്രധാന വേദി. ലിയോ തേർട്ടീന്ത് സ്‌കൂൾ, ഗേൾസ് സ്‌കൂൾ, എസ്ഡിവി സ്‌കൂൾ, ലജനത്തുൽ മുഹമ്മദീയ എച്ച്എസ്എസ് തുടങ്ങിയ ഏഴോളം വേദികളുണ്ടാവും. മേളയുടെ ഭാഗമായി വിഎച്ച്എസ്ഇ എക്‌സ്‌പോ, വിനോദ, സാംസ്‌കാരിക പരിപാടികൾ, ശാസ്‌ത്രമേഖലയിലെ പ്രമുഖരുമായുള്ള സംവാദം തുടങ്ങിയവ സംഘടിപ്പിക്കും.
വൊക്കേഷണൽ എക്‌സ്‌പോയ്‌ക്ക് 95 സ്റ്റാളും കരിയർ എക്‌സ്‌പോയ്‌ക്ക് 10 സ്റ്റാളും കരിയർ സെമിനാർ, വിനോദപരിപാടികൾ എന്നിവയ്‌ക്ക് പ്രത്യേകം വേദികളും സജ്ജമാക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്ന് ശാസ്‌ത്രമേളയ്‌ക്കെത്തുന്ന കുട്ടികൾക്ക് താമസസൗകര്യവും ഭക്ഷണവും ക്രമീകരിക്കും.
സംഘാടകസമിതി യോഗത്തിൽ എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, യു പ്രതിഭ, ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, നഗരസഭാധ്യക്ഷ കെ കെ ജയമ്മ, എഡിജിഇ സി എസ് സന്തോഷ്, വിദ്യാഭ്യാസ ഉപഡയറക്‌ടർ ഇ എസ് ശ്രീലത, വിവിധ സബ് കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..