സ്വന്തം ലേഖകൻ
അരൂർ
നെല്ല്, മത്സ്യകൃഷികൾക്ക് അനുയോജ്യമാകുംവിധം അന്ധകാരനഴി ഷട്ടർ തുറക്കാനും മണലെടുക്കാനും സംവിധാനമുണ്ടാക്കണമെന്ന് സിപിഐ എം അരൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുസൃതമായി നടപടി സ്വീകരിക്കണം. പരിശോധിച്ചും ഉദ്യോഗസ്ഥരെ വിന്യസിച്ചും കൃത്യമായി ഷട്ടർ തുറക്കണം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മത്സ്യപ്രജനനത്തിന് ഉതകും വിധം ജലാശയങ്ങൾ ശുചിയാക്കണം. അഴിമുഖത്ത് അടിഞ്ഞുകൂടിയ കടൽമണ്ണ് ജനങ്ങൾക്ക് എടുക്കുന്നതിനോ, ചെറിയ ഫീസ് ഈടാക്കി നൽകുന്നതിനോ തീരുമാനിച്ചാൽ മണൽത്തിട്ട അടിയൽ നിൽക്കുകയും അഴിമുഖം അടയുന്ന പ്രതിഭാസം ഇല്ലാതാകുകയും ചെയ്യും. ഇതിനായി സർക്കാർ തലത്തിൽ നിയമനിർമാണം നടത്തണം.
ഒരുപൂ നെൽകൃഷി -മത്സ്യകൃഷിചെയ്‌ത് ഉൽപാദനം വർധിപ്പിക്കുക, വേലിയേറ്റ വെള്ളക്കെട്ട്, ഓരുജലം കരയിലേക്ക് കടന്നുകയറ്റം എന്നിവയ്‌ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുക. തീരദേശത്തെ കടൽഭിത്തി പുനർനിർമിച്ച് അന്ധകാരനഴി മുതൽ ചാപ്പക്കടവ് വരെ ടെട്രോപ്പാഡ് സ്ഥാപിക്കുക, സമുദ്രോൽപ്പന്ന വ്യവസായ മേഖലയെ സംരക്ഷിക്കുക, കയർ മേഖലയിലെ തൊഴിലില്ലായ്മക്ക് പരിഹാരം ഉണ്ടാക്കുക, വയലാർ കവല –-ഇൻഫോപാർക്ക് റോഡ് നിർമാണം തുടങ്ങുക, അരൂർ, തുറവൂർ മേഖലയിൽ യാത്രാ ദുരിതങ്ങൾക്ക് പരിഹാരം കാണുക, പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയെ അടച്ചുപൂട്ടലിൽനിന്ന് രക്ഷിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി ആർ നാസറും പി കെ സാബുവും മറുപടി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ പ്രസാദ്, മനു സി പുളിക്കൽ, പി പി ചിത്തരഞ്ജൻ, എച്ച് സലാം, ജില്ലാ കമ്മിറ്റിയംഗം എ എം ആരിഫ് എന്നിവർ പങ്കെടുത്തു. ചുവപ്പുസേനാ മാർച്ചും ആയിരങ്ങൾ പങ്കെടുത്ത ബഹുജന മാർച്ചും പട്ടണക്കാട് ഹൈസ്‌കൂൾ ജങ്ഷനിൽ നിന്നാരംഭിച്ചു.
സീതാറാം യെച്ചൂരി–-കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പൊന്നാംവെളി) സജി ചെറിയാൻ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്തു. പി കെ സാബു അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എൻ പി ഷിബു സ്വാഗതം പറഞ്ഞു. സി ബി ചന്ദ്രബാബു, കെ പ്രസാദ്, എ എം ആരിഫ്, ദലീമ എംഎൽഎ എന്നിവർ സംസാരിച്ചു. അരൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് കെട്ടിടം നിർമിക്കാൻ ഭൂമി നൽകിയ എരമല്ലൂർ സ്വദേശി കെ എ പീറ്ററിനെ ആദരിച്ചു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..