ആലപ്പുഴ
കേരളത്തിൽ കുറുവ സംഘത്തിന്റെ ആക്രമണം എന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്ന് ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ അറിയിച്ചു. സിസിടിവി ദൃശ്യത്തിൽതന്നെ 06–--06-–-2024 എന്ന് തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ശ്രദ്ധിക്കാതെയാണ് പലരും ദൃശ്യങ്ങൾ ഷെയർ ചെയ്യുന്നത്.
കച്ഛാ ബനിയൻ ഗ്യാങ് എന്ന കുപ്രസിദ്ധ ഉത്തരേന്ത്യൻ മോഷണ സംഘത്തിന്റെ ദൃശ്യങ്ങളാണിത്. ഇത്തരത്തിൽ ഒരുസംഭവം കേരളത്തിൽ നടന്നതായി വിവരമില്ല. മൈസൂരുവിലെ ഒരു പ്രദേശത്തെ - മോഷണമെന്ന രീതിയിൽ ഈ ദൃശ്യങ്ങൾ കർണാടകയിൽ പ്രചരിച്ചിരുന്നു. മൈസൂർ പൊലീസ് സംഭവം സ്ഥിരീകരിച്ചിട്ടില്ല.
അടുത്തകാലത്ത് ആലപ്പുഴയിൽ ചില പ്രദേശങ്ങളിൽ കുറുവസംഘം മോഷണം നടത്തിയിരുന്നു. മണ്ണഞ്ചേരി പൊലീസ് സന്തോഷ് സെൽവം എന്നയാളെ എറണാകുളം കുണ്ടന്നൂർ പാലത്തിനടിയിൽ തമ്പടിച്ച നാടോടി സംഘത്തിൽനിന്ന് അറസ്റ്റുചെയ്തു. ഈ നാടോടി സംഘത്തെ പൊലീസ് ഒഴിപ്പിച്ചു. പിന്നീട് കേരളത്തിലെവിടെയും കുറുവ സംഘത്തിന്റെ മോഷണം റിപ്പോർട്ട് ചെയ്തിട്ടില്ല.
പൊലീസ് അന്വേഷണം കാര്യക്ഷമതയോടെ തുടരുകയാണ്. ജാഗ്രത സമിതി രൂപീകരണം തുടരുന്നു. ഇത്തരം വാർത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നതിന് മുമ്പായി അതിന്റെ വസ്തുതയും ആധികാരികതയും പരിശോധിക്കണമെന്നും ജില്ലാ പൊലീസ് മേധാവി വാർത്താകുറിപ്പിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..