മാവേലിക്കര
കർണാടകത്തിലെ ഷിരൂരിൽ അപകടത്തിൽപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി ഡ്രൈവർ അർജുൻ തിരികെ വരണേ എന്ന പ്രാർഥനയോടെ കാത്തിരിക്കുകയാണ് വാത്തികുളം ഗവ. എൽപിഎസിലെ രണ്ടാം ക്ലാസുകാരൻ ആദിദേവ്. സ്‌കൂളിൽ ഡയറിക്കുറിപ്പ് എഴുതുന്നതിന്റെ ഭാഗമായുള്ള ആദിദേവിന്റെ കുറിപ്പിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചൊവ്വാഴ്‌ചയാണ് ആദിദേവ് കുറിപ്പുമായി സ്‌കൂളിലെത്തിയത്.
എല്ലാവരെയും വിഷമിപ്പിക്കുന്ന ഒന്നാണ് ഞാൻ ഇന്ന് ഡയറിയിൽ എഴുതുന്നത് എന്നു പറഞ്ഞാണ് കുറിപ്പിന്റെ തുടക്കം. ‘കഴിഞ്ഞ എട്ടു ദിവസമായി അർജുൻ എന്ന ഡ്രൈവർ മാമനെയും ലോറിയെയും കാണാതായിട്ട്. കർണാടകത്തിലെ ഷിരൂർ എന്ന സ്ഥലത്തുനിന്ന് 300 തടികഷണവുമായി വന്നതാണ്. മഴയും മണ്ണിടിച്ചിലും പെട്ടെന്നുണ്ടായി. ലോറിയും മാമനെയും കാണാതാകുകയുംചെയ്‌തു. പട്ടാളം വന്നു, എല്ലാവരും വന്നു, ഇന്നും ഒരു വിവരവുമില്ല. എന്നും രാവിലെ ഉണരുമ്പോൾ ഞാൻ അമ്മയോട് ചോദിക്കും മാമനെ കിട്ടിയോ എന്ന്. ഇല്ല എന്ന് പറയുന്നത് കേൾക്കുമ്പോൾ എനിക്ക് വിഷമം വരും. ആ ഡ്രൈവർ മാമനെ പോലെ എന്റെ അച്ഛനും ഒരു ഡ്രൈവറാണ്. എന്നെപ്പോലെ ഒരു കുഞ്ഞുമോനും ആ മാമനുണ്ട്. നാളെ ഒമ്പത് ദിവസം ആകുമെങ്കിലും ഒന്നും പറ്റാതെ തിരിച്ചുകിട്ടണേ എന്ന് ഞാൻ പ്രാർഥിക്കുന്നു. എല്ലാവരും പ്രാർഥിക്കണേ.' തെക്കേക്കര വാത്തികുളം വലിയവീട്ടിൽ സന്തോഷിന്റെയുംസജിതയുടെയും മകനാണ് ആദിദേവ്.
കുറിപ്പ് ശ്രദ്ധയിൽപ്പെട്ട എം എസ് അരുൺകുമാർ എംഎൽഎ ഫേസ്ബുക്ക് പേജിലൂടെ ആദിദേവിനെ അഭിനന്ദിച്ചു. ‘മോനേ, ഈ വേദനയ്‌ക്കിടയിലും നീ പകരുന്ന പ്രത്യാശയുണ്ട്. അന്യന്റെ വേദനയും വിഷമവും സ്വന്തം വേദനയും വിഷമവുമാണെന്ന് തിരിച്ചറിയുന്ന ഒരു തലമുറ മാനവികത മുറുകെ പിടിച്ച് വളരുന്നുണ്ട്. നിന്നെ ചേർത്തുപിടിച്ച് അഭിനന്ദിക്കുന്നു.' എംഎൽയുടെ കുറിപ്പുകൂടി വന്നതോടെ ആദിദേവിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..