08 September Sunday
ഡിസംബറിൽ നാടിന്‌ സമർപ്പിക്കും

ചെങ്ങണ്ട–-വിളക്കുമരം പാലം 
പൂർത്തീകരണത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

വികസന ചർച്ചായോഗത്തിനിടെ ദലീമ എംഎൽഎയും ജനപ്രതിനിധികളും നിർമാണം നടക്കുന്ന നെടുമ്പ്രക്കാട്‌–-വളക്കുമരം പാലം സന്ദർശിക്കുന്നു

ചേർത്തല
ചെങ്ങണ്ട–-വിളക്കുമരം പാലം ഡിസംബറിൽ നാടിന്‌ സമർപ്പിക്കുമെന്ന്‌ ദലീമ എംഎൽഎ അറിയിച്ചു. എംഎൽഎയുടെ വികസന ചർച്ചായാത്രയ്‌ക്കിടെ നിർമാണപുരോഗതി വിലയിരുത്തിയാണ്‌ പ്രതികരണം.
ചേർത്തല–-അരൂക്കുറ്റി റോഡിന്‌ സമാന്തരപാതയിൽ നഗരത്തെയും ചേന്നംപള്ളിപ്പുറം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം 2005ലാണ്‌ നിർമാണം തുടങ്ങിയത്‌. രൂപകൽപ്പനയിലെ തകരാർ ഉൾപ്പെടെ പ്രതിസന്ധികൾ നിർമാണം അനന്തമായിനീട്ടി. പുതുക്കിയ രൂപകൽപ്പനയിൽ പാലംപണി പൂർത്തിയാകുന്ന ഘട്ടത്തിലും അപ്രോച്ച്‌റോഡ്‌ നിർമാണം പ്രതിബന്ധമായി. ഭൂമിയേറ്റെടുക്കാതെ നിർമാണം തുടങ്ങിയതാണ്‌ വെല്ലുവിളിയായത്‌.
ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കി എസ്‌റ്റിമേറ്റ്‌ പുതുക്കിയാണ്‌ പാലത്തിനുപിന്നാലെ അപ്രോച്ച്‌റോഡും പൂർത്തീകരണത്തിലേക്ക്‌ അടുക്കുന്നത്‌. 19.5 കോടിയുടെ പുതുക്കിയ പദ്ധതിയിലാണ്‌ നിർമാണം. 190 മീറ്റർ നീളത്തിലാണ്‌ പാലം. 240 മീറ്റർ നീളത്തിലാണ്‌ അപ്രോച്ച്‌റോഡ്‌. അതും പൂർത്തിയാകുന്നതോടെ വിശാലമായ പ്രദേശത്തെ വികസനത്തിന്‌ പുതുവേഗം കൈവരും.
 വികസന ചർച്ചായാത്ര വെള്ളിയാഴ്‌ച പാണാവള്ളി, ചേന്നംപള്ളിപ്പുറം പഞ്ചായത്തുകളിൽ എത്തി. രണ്ട്‌ പഞ്ചായത്തുകളിലുമായി 25 കോടിയോളം രൂപയുടെ പദ്ധതികളാണ്‌ നിർവഹണത്തിലുള്ളത്‌. പാണാവള്ളി പഞ്ചായത്ത്‌ എട്ടാംവാർഡിൽ 12 കോടി രൂപയുടെ അഞ്ചുതുരുത്ത്‌ പാലവും പള്ളിപ്പുറത്ത്‌ കുട്ടൻചാലുകളെ ബന്ധിപ്പിക്കുന്ന പാലവും പ്രധാന പദ്ധികളാണ്‌. പുതിയ പദ്ധതികളും യോഗാനന്തരം തയ്യാറാക്കി. പാണാവള്ളിയിൽ എംഎൽഎ ചർച്ചായോഗം ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാഗിണി രമണൻ അധ്യക്ഷയായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ആർ രജിത മുഖ്യാതിഥിയായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി എം പ്രമോദ്‌, പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ കെ ഇ കുഞ്ഞുമോൻ, രാജിമോൾ, ജി ധനേഷ്‌കുമാർ, ഹരിഷ്‌മ വിനോദ്‌, എച്ച്‌ മുഹമ്മദ്‌ഷാ എന്നിവർ സംസാരിച്ചു. പള്ളിപ്പുറത്ത്‌ വൈസ്‌പ്രസിഡന്റ്‌ ഷിൽജ സലിം അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം പി എസ്‌ ഷാജി സംസാരിച്ചു. ശനിയാഴ്‌ച പട്ടണക്കാട്‌ ബ്ലോക്കിലെ അരൂർ, എഴുപുന്ന പഞ്ചായത്തുകളിലാണ്‌ ചർച്ചായോഗം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top