20 December Friday
പ്രവർത്തന മൂലധനം കെഎസ്‌ഐഡിസി നൽകും

കാസ്‌നബ്‌ ബോഗിയിൽ 
ഓട്ടോകാസ്‌റ്റ്‌ കുതിക്കും

സ്വന്തം ലേഖകൻUpdated: Saturday Jul 27, 2024

ചേർത്തല ഓട്ടോകാസ്റ്റിൽ നിർമിച്ച കാസ്നബ് ബോഗി

 
ആലപ്പുഴ
പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ്‌റ്റിന്റെ കുതിപ്പിന്‌ കൈത്താങ്ങൊരുക്കി വ്യവസായവകുപ്പ്‌. ഇത്‌ കൈമുതലാക്കി റെയിൽവെയുടെ പദ്ധതികൾ ഏറ്റെടുത്ത്‌ നേട്ടംകൊയ്യാൻ തയ്യാറെടുക്കുകയാണ്‌ ഈ സ്ഥാപനം. പ്രവർത്തനമൂലധനം നൽകി ഓട്ടോകാസ്‌റ്റ്‌ ലിമിറ്റഡിന്റെ അടിസ്ഥാനസൗകര്യം വർധിപ്പിക്കാനും ഉൽപ്പാദനം കൂട്ടാനുമാണ്‌ ലക്ഷ്യം. ഏറ്റെടുക്കുന്ന കരാറിന്റെ 70 ശതമാനംവരെ തുക അനുവദിക്കാൻ കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ്‌ കോർപറേഷനുമായി (കെഎസ്‌ഐഡിസി) ഓട്ടോകാസ്‌റ്റ്‌ ധാരണയായി. കാസ്‌നബ്‌ ബോഗി നിർമാണത്തിന്‌ റെയിൽവെയുമായി ഉണ്ടാക്കിയ അഞ്ചുകോടി രൂപയുടെ കരാർ പൂർത്തിയാക്കുകയാണ്‌ ആദ്യഘട്ടം. 
ദക്ഷിണ റെയിൽവെയുമായി 126 ബോഗി നിർമിക്കാനുള്ള കരാറിൽ ഓട്ടോകാസ്‌റ്റ്‌ ഒപ്പിട്ടിട്ടുണ്ട്‌. ഇതിന്‌ 3.5 കോടി രൂപ പ്രവർത്തന മൂലധനമായി അനുവദിക്കും. വ്യവസായവകുപ്പ്‌ നടത്തിയ ഇടപെടലിലാണ്‌ ഈ തീരുമാനം. പണം അനുവദിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്‌. നാലു മാസംകൊണ്ട്‌ ബോഗി നിർമിച്ച്‌ കൈമാറുകയാണ്‌ ലക്ഷ്യം. പ്രതിമാസം 30 എണ്ണം നിർമിക്കാനുള്ള സംവിധാനമാണ്‌ ഓട്ടോകാസ്‌റ്റിലുള്ളത്‌. ഓരോ ഓർഡറിനുമാണ്‌ ധനസഹായം. ഇത്‌ പൂർത്തീകരിച്ച്‌ കൈമാറുമ്പോൾ ലഭിക്കുന്ന തുകകൊണ്ട്‌ വായ്‌പ തിരിച്ചടയ്‌ക്കണം. 
റെയിൽവെയ്‌ക്കായി കാസ്‌നബ് ബോഗികൾ നിർമിക്കുന്ന രാജ്യത്തെ ആദ്യ പൊതുമേഖലാ സ്ഥാപനമാണ് ഓട്ടോകാസ്‌റ്റ്‌. നിലവിൽ സ്വകാര്യ കമ്പനികളിൽനിന്നാണ് റെയിൽവെ ഇവ വാങ്ങുന്നത്. പ്രതിവർഷം 2000 എണ്ണമാണ്‌ വിവിധ സോണുകളിലായി ആവശ്യം. രാജ്യത്തെ ചരക്കുഗതാഗതത്തിനായി പ്രത്യേക കോറിഡോർ ഒരുക്കാൻ റെയിൽവെ പദ്ധതിയുണ്ട്‌. അങ്ങിനെയെങ്കിൽ കാസ്‌നബ്‌ ബോഗികളുടെ ആവശ്യകത ഇനിയുമേറും. ഇതിന്റെ പ്രധാന നേട്ടം സ്വന്തമാക്കാൻ തയ്യാറെടുക്കുകയാണ്‌ ഓട്ടോകാസ്‌റ്റ്‌. ഇതുവരെ 60 ബോഗി ഇവിടെ നിർമിച്ച്‌ കൈമാറിയിട്ടുണ്ട്‌. കൂടുതൽ ഓർഡറുകൾ ലഭിച്ചെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്‌തതമൂലം ഇത്‌ മുന്നോട്ട്‌ കൊണ്ടുപോകാനായില്ല. ഇതിനാണ്‌ ഇപ്പോൾ പരിഹാരമായത്‌. 
രാജ്യത്തെ വിവിധ റെയിൽവെ സോണുകളിലായി 14 കോടി രൂപയുടെ ഓർഡർ ഇതിനകം ലഭിച്ചിട്ടുണ്ട്‌. 339 ബോഗികൾ നിർമിച്ചുനൽകണം. ആവശ്യമായ പ്രവർത്തന മൂലധനം ലഭിക്കുന്നതോടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ഉൽപ്പാദനം വർധിപ്പിക്കാനുമാകും. സ്വകാര്യമേഖലയുമായി ഓപ്പൺ ടെൻഡറിൽ പങ്കെടുത്ത് കിടമത്സരം നടത്തിയാണ്‌ ഓർഡർ നേടിയെടുക്കുന്നത്‌. അതുകൊണ്ടുതന്നെ സമയബന്ധിതമായി ഇത്‌ നിർമിച്ച്‌ കൈമാറണം. പുതിയ ഓർഡറുകൾ സ്വീകരിക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും ഇപ്പോഴത്തെ ധനസഹായം വഴിവയ്‌ക്കും. ഇതിനിടെ കൊച്ചിൻ കപ്പൽ നിർമാണശാലയുടെ 2.5 കോടിയുടെ ഓർഡർ പൂർത്തിയാക്കി കൈമാറിയിരുന്നു. ഇതിന്റെ തുക ലഭിച്ചു.
തുക പ്രത്യേക 
അക്കൗണ്ടിലൂടെ
പ്രത്യേക എസ്‌ക്രോ അക്കൗണ്ടിലൂടെയാണ്‌ കെഎസ്‌ഐഡിസി തുക കൈമാറുക. ഓട്ടോകാസ്‌റ്റ്‌, കെഎസ്‌ഐഡിസി, ഫെഡറൽ ബാങ്ക്‌ എന്നിവർ ചേർന്നാണ്‌ അക്കൗണ്ട്‌ തുറക്കുക. 
അക്കൗണ്ട്‌ വഴി കെഎസ്‌ഐഡിസി കൈമാറുന്ന തുകയിൽനിന്ന്‌ ഓട്ടോകാസ്‌റ്റ്‌ ലിമിറ്റഡിന്റെ അസംസ്‌കൃതവസ്‌തു വിതരണക്കാർക്ക്‌ ഫെഡറൽ ബാങ്കിലൂടെ പണം നൽകും. ഓർഡർ പൂർത്തിയാകുന്ന മുറയ്‌ക്ക്‌ ലഭിക്കുന്ന തുകയിൽ 10 ശതമാനം പലിശ സഹിതം കെഎസ്ഐഡിസിക്ക്‌ തിരികെ നൽകും. ശേഷിക്കുന്ന തുക ഓട്ടോകാസ്‌റ്റ്‌ ലിമിറ്റഡിന്റെ അക്കൗണ്ടിലേക്ക് മാറ്റും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top