22 December Sunday
സ്വന്തം ലേഖിക

മനസു പങ്കുവച്ച്‌ അമ്മമാർ, ഉള്ളുനിറഞ്ഞ്‌ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

ജില്ലാ ഹോമിയോപ്പതി ആശുപത്രി പുതിയ ഒപി ബ്ലോക്ക് ഉദ്ഘാടനത്തിനെത്തിയ മന്ത്രി വീണാ ജോർജിനെ കാണാനെത്തിയ സുലേഖയോട് മന്ത്രി ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നു

 
ആലപ്പുഴ
ജില്ലാ ഹോമിയോപ്പതി ആശുപത്രിയിലെ മുകൾനിലയിലെ പുതിയ ഒപി ബ്ലോക്കിന്റെ നാടമുറിച്ച്‌ മന്ത്രി താഴെ എത്തിയപ്പോൾ ഒരുകൂട്ടം അമ്മമാർ മന്ത്രി വീണാ ജോർജിന്‌ ചുറ്റുംകൂടി. പരിഭവം പറയാനല്ല മറിച്ച്‌, തീരാവേദനകൾ ചികിത്സിച്ച്‌ മാറ്റിയതിന്റെ അനുഭവം നേരിട്ട്‌ പറയാനെത്തിയതായിരുന്നവർ. ‘ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലൂടെ മികച്ച ഗുണനിലവാരം ഉറപ്പാക്കുന്നതിൽ സന്തോഷമുണ്ട്‌. പക്ഷേ അമ്മമാരിൽ നിന്ന്‌ ഇത്തരത്തിൽ കിട്ടുന്ന നിഷ്‌കളങ്കമായ അഭിപ്രായങ്ങളാണ്‌ മനസ്‌ നിറയ്ക്കുന്നത്‌’ –-  മന്ത്രി  ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.
‘ആക്‌സിഡന്റ്‌ പറ്റി പ്ലേറ്റിട്ടതാ. കൈ അനക്കാൻ വയ്യാരുന്നു. 85 ദിവസം ജില്ലാ ഹോമിയോപ്പതി ആശുപത്രിയിലെ ഫിസിയോതെറാപ്പിയാൽ കൈ ഇപ്പോൾ ദാ ഇത്രയും പൊക്കാം.’   –- പരിക്കേറ്റ കൈ ഉയർത്തി കോമളപുരം നോർത്ത്‌ ആര്യാട്‌ കൊടിവീട്ടിൽ എലിസബത്ത്‌ വിൻസെന്റ്‌ പറഞ്ഞു. 
  വെരിക്കോസ്‌ വെയിനിന്റെ ചികിത്സയ്ക്കായി എത്തിയതായിരുന്നു 80കാരി വലിയകുളം ഓറപ്പുരയിടത്തിൽ എസ്‌ സുലേഖ. ‘ഉമ്മയുടെ രോഗം ഒരുപാട്‌ മാറി. നടുവേദനയ്ക്കും ശരീരവേദനയ്ക്കും ചികിത്സ തേടി എത്തിയതായിരുന്നു. വന്നയാളല്ല ഇപ്പോൾ. ഒത്തിരി മാറ്റമുണ്ട്‌’–- മകൾ നൂർജഹാൻ പറഞ്ഞു. മുല്ലയ്ക്കൽ സ്വദേശിനി സുശീലയും റെയിൽവേ സ്‌റ്റേഷൻ വാർഡ്‌ അനീഷ്‌ മൻസിലിൽ പി മൈമുനയുമെല്ലാം അസുഖം ഭേദമായതിനെക്കുറിച്ച്‌ വിവരിച്ചു. മന്ത്രിയെ നേരിട്ട്‌ കണ്ട്‌ സംസാരിക്കാൻ പറ്റിയതിന്റെ സന്തോഷത്തിലായിരുന്നു അമ്മമാരെല്ലാം. മന്ത്രിയുടെ മറുപടി പ്രസംഗം കേട്ട്‌ മനസ്‌ നിറഞ്ഞാണ്‌ ഫിസിയോതെറാപ്പിക്കായി ഇവർ മടങ്ങിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top