ആലപ്പുഴ
കേരളത്തിലെ ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരം കാണുക, റെയിൽവേ നിയമന നിരോധനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്‌റ്റേഷന് മുമ്പിൽ പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് ചേർന്ന യോഗം ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ആർ രാഹുൽ ഉദ്‌ഘാടനംചെയ്‌തു.
രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കേരളത്തിന് അർഹമായ ട്രെയിനുകളും ബോഗികളും കേന്ദ്രം വെട്ടിക്കുറയ്‌ക്കുകയാണെന്ന് ആർ രാഹുൽ പറഞ്ഞു. കേരളത്തിന് അധിക ട്രെയിനുകൾ അനുവദിക്കണം. റെയിൽവേ ട്രാക്കുകൾ നവീകരിക്കാനോ ഇരട്ടിപ്പിക്കാനോ ഫണ്ട് അനുവദിക്കുന്നില്ല. മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ ഓടേണ്ട ട്രെയിനുകളുടെ കേരളത്തിലെ വേഗം 60 കിലോമീറ്റർ മാത്രമാണ്. 600ലേറെ വളവുകൾ നികത്തിയാൽ മാത്രമാണ് ഇതിന് പരിഹാരമാകുന്നത്. എന്നാൽ കേന്ദ്രം ഇതിന് നേരെ കണ്ണടയ്‌ക്കുകയാണ്. കേന്ദ്ര അവഗണന തുടരുന്നതിനാലാണ് ബദൽമാർഗമായി കെ റെയിൽ അവതരിപ്പിച്ചത്. എന്നാൽ ഇതിനും തുരങ്കം വയ്‌ക്കുകയാണ് കേന്ദ്രസർക്കാർ. റെയിൽവേയിൽ നിയമനങ്ങൾ നടത്താത്തതിലൂടെ കേരളത്തിലെ യുവാക്കളുടെ തൊഴിലവസരങ്ങളാണ് കേന്ദ്രം മുടക്കുന്നതെന്നും രാഹുൽ പറഞ്ഞു.
ഡിവൈഎഫ്‌ഐ ജില്ലാ വൈസ്‌പ്രസിഡന്റ് ദിനൂപ് വേണു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ, ആർ അശ്വിൻ, പി എ അൻവർ, എസ് മുകുന്ദൻ, അനുപ്രിയ ദിനൂപ്, എം എസ് അരുൺ, ജി ശ്രീജിത്ത്, വിഷ്‌ണു ഗോപിനാഥ്, എസ് അഷ്‌കർ, എം സുമേഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..