ചങ്ങനാശ്ശേരി
നീലംപേരൂർ പൂരം പടയണിയുടെ മൂന്നാംഘട്ടത്തിൽ നാലാം ദിവസം ഭീമസേനൻ പടയണികളത്തിൽ എത്തിയതോടെ പടയണിയുടെ മൂന്നാം ഘട്ടം സമാപിച്ചു. ശനിയാഴ്ച നാലാം ഘട്ടത്തിലേക്ക് കടക്കും. മൂന്നാം ഘട്ടത്തിന് സമാപനം കുറിച്ച് ചൂട്ടിന്റെ വെളിച്ചത്തിൽ കുടം പൂജ കളിക്കും തോർത്ത് വീശിയുള്ള തോത്താ കളിക്കും ശേഷം ക്ഷേത്രം പ്രസിഡന്റ് കിഴക്കുഭാഗത്തുള്ള ചേരമാൻ പെരുമാൾ കോവിലിൽ എത്തി അനുവാദം വാങ്ങിയ ശേഷമാണ് ഭീമസേനൻ പടയണികളത്തിൽ എത്തിയത്.
പ്ലാവില കോലങ്ങളിൽ ഒന്നാം ദിവസം താപസ കോലവും രണ്ടാം ദിവസം ഐരാവതവും,മൂന്നാം ദിവസം ഹനുമാൻ കോലവും നാലാംനാൾ ഭീമസേനനും പടയണികളത്തിൽ എത്തിയതോടെ മൂന്നാം ഘട്ടം സമാപിച്ചു. മൂന്നാം ഘട്ടത്തിന് സമാപനം കുറിച്ച് നാല് പ്ലാവില കോലങ്ങളും ഒന്നിച്ച് പടയണികളത്തിൽ എത്തി. മൂന്നാം ഘട്ടത്തിന് സമാപനം കുറിച്ച് വെള്ളിയാഴ്ച ചൂട്ടിന്റെ വെളിച്ചത്തിൽ കുടം പൂജകളിയും തോർത്ത് വീശിയുള്ള തോത്താ കളിയും നടന്നു.
ഇതോടെ പടയണിയുടെ സമാപനമായ നാലാം ഘട്ടം ആരംഭിച്ചു. നാലാം ഘട്ടത്തിൽ കല്യാണ സൗഗന്തികം തേടിയുള്ള യാത്രയിൽ കൊടും വനത്തിൽ എത്തുന്ന ഭീമസേനൻ വനത്തിനുള്ളിൽ കാണുന്ന കുബേരന്റെ കൊട്ടാരത്തിന് മുൻപിൽ കാണുന്ന കാഴ്ചകളായ പിണ്ടിയും കുരുത്തോലയും കൊട്ടാരത്തിന്റെ അടയാളമായ, കൊടിക്കൂറ, കൊട്ടാരത്തിന്റെ കാവൽക്കാരനായ കാവൽ പിശാച്, കൊട്ടാര മാതൃകയിലുള്ള അമ്പലക്കോട്ട, സിംഹം എന്നിവയെ പടയണികളത്തിൽ എഴുന്നള്ളിക്കും. അരിയും തിരിയും വക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും. 30ന് മകം പടയണിയും ഒക്ടോബർ ഒന്നിന് പ്രശസ്തമായ പൂരം പടയണിയും നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..