ഫെബിൻ ജോഷി
ആലപ്പുഴ
‘വാസു ചവറെഴുതില്ല. കാമ്പുള്ള കഥാകാരനാണ്’ വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള പ്രിയപ്പെട്ടവർക്ക് മുന്നിൽ ഇങ്ങനെ പരിചയപ്പെടുത്തി തുടങ്ങുമ്പോൾ എം ടി വാസുദേവൻ നായരെ മലയാളം എം ടി എന്ന രണ്ടക്ഷരത്തിലേക്ക് ചുരുക്കി വിളിച്ചുതുടങ്ങിയിട്ടില്ല. തനിക്ക് മുന്നിൽ നിൽക്കുന്ന യുവാവ് മലയാള സാഹിത്യത്തിന് പുത്തൻ ദിശാബോധം നൽകുമെന്ന ബോധ്യമാകാം ആരെയും പെട്ടെന്നങ്ങനെ അംഗീകരിക്കാത്ത തകഴിക്ക് ഇങ്ങനെ പറയാൻ പ്രേരണയായത്. സാഹിത്യ പ്രവർത്തനത്തിനിടെ ആരംഭിച്ച സൗഹൃദവും ആത്മബന്ധവും പിന്നീട് ഉപാധികളില്ലാതെ വളർന്നു. തകഴിയിലെ ശങ്കരമംഗലം വീട്ടിലേക്ക് അനുവാദം ചോദിക്കാതെ എത്തുന്നവരിൽ തകഴിക്ക് ഏറ്റവും പ്രിയപ്പെട്ടൊരാളാണ് എം ടിയെന്ന് തകഴിയുടെ സന്തതസഹചാരി സി രാധാകൃഷ്‌ണൻ ഓർത്തെടുക്കുന്നു.
എം ടി മുന്നിലെത്തിയാൽ തകഴി ചേർത്തുപിടിക്കും. മിനിറ്റുകൾ നീണ്ട കെട്ടിപ്പിടിത്തത്തിലാണ് സന്ദർശനങ്ങൾ ആരംഭിച്ചിരുന്നത്. വാസു എത്തിയാൽ ചേട്ടന് പ്രത്യേക ഉൻമേഷമാണെന്ന തകഴിയുടെ ഭാര്യ കാത്തയുടെ കമന്റും വരും. പിന്നീട് കുട്ടനാടിന്റെ തണലിൽ സാഹിത്യചർച്ചകൾ. ഭക്ഷണവും കഴിച്ച ശേഷമായിരിക്കും മടക്കം. ചിലപ്പോൾ അവിടെ തങ്ങും. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ചകൾ ഓർത്തെടുക്കുന്നത് അങ്ങനെയാണ്. പറ്റില്ലെന്ന വാക്ക് തകഴി പറയാൻ മടിച്ചിരുന്നതും എം ടിയോടായിരുന്നു. എന്തെങ്കിലുമൊന്ന് എഴുതി വാങ്ങാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരാറില്ല. എം ടി ആവശ്യപ്പെട്ടാൽ വേഗം എഴുതിനൽകും.
പത്രാധിപരായിരുന്ന കാലത്ത് എം ടി നേരിട്ടെത്തി കൂടെയിരുന്ന് എഴുതിച്ച സംഭവങ്ങളുമുണ്ട്. തകഴിയുടെ മലബാറിലേക്കുള്ള യാത്രകളിൽ എം ടിയുടെ വീടും സ്ഥിരംകേന്ദ്രമായിരുന്നു. തകഴി മരിച്ചതറിഞ്ഞ് എത്തിയ എം ടി ചടങ്ങുകൾ പൂർത്തിയായതിന് ശേഷമാണ് മടങ്ങിയത്. എം ടിയോട് തോന്നിയ ബഹുമാനമാണ് ആ സൗഹൃദത്തിന്റെ അടിസ്ഥാനമെന്നും രാധാകൃഷ്‌ണൻ ഓർത്തെടുക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..