23 December Monday
കുമരകം ബോട്ട് ദുരന്തം

സ്‌മരണകളൊഴുകും അക്ഷരാഞ്‌ജലിയായ്‌

കെ എസ് ലാലിച്ചൻUpdated: Sunday Jul 28, 2024

കുമരകം ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്‌ക്കായി എ ബി വിലാസം 
സ്‌കൂൾ എൻഎസ്എസ് യൂണിറ്റ് ഒഴുകുന്ന പുസ്‌തകശാലയിലേക്ക് നൽകുന്ന പുസ്‌തകം ഷൈനിയുടെ അച്ഛൻ സുകുമാരൻ ഏറ്റുവാങ്ങുന്നു

മുഹമ്മ 
കുമരകം ബോട്ട് ദുരന്തത്തിൽ ജീവൻ നഷ്‌ടമായ മുഹമ്മ മറ്റത്തിൽ ഷൈനിയുടെയും എ ബി വിലാസം സ്‌കൂളിലെ ക്ലർക്ക് ശിവരാജന്റെയുമൊക്കെ ഓർമകൾ ഇനി പുസ്‌തകത്താളുകളിലൂടെ അനേകർക്ക് അറിവേകും. മുഹമ്മ–- കുമരകം റൂട്ടിൽ സർവീസ് നടത്തുന്ന ജലഗതാഗതവകുപ്പിന്റെ എസ് 52 നമ്പർ ബോട്ടിലെ പുസ്‌തകശാലയിലൂടെയാണ്‌ ഈ അക്ഷരാഞ്‌ജലി. ദുരന്തത്തിൽ മരിച്ച 29 പേരുടെയും ഓർമയ്‌ക്കായി എ ബി വിലാസം സ്‌കൂൾ എൻഎസ്എസ് യൂണിറ്റ് കൈമാറിയ 29 പുസ്‌തകം യാത്രക്കാർക്ക് വായിക്കാം.
 രണ്ടുവർഷം മുമ്പ് രാജ്യത്ത് ആദ്യമായി ഒരു യാത്രാബോട്ടിൽ ഒഴുകുന്ന പുസ്‌തകശാല ഒരുക്കിയത് എ ബി വിലാസം സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റായിരുന്നു. മുന്നൂറിലേറെ പുസ്‌തകമുള്ള ഈ ബോട്ടിൽത്തന്നെയാണ് കുമരകം ദുരന്തത്തിന്റ 22–-ാം വാർഷികദിനത്തിൽ 29 പുസ്‌തകം കൂടി ഇവർ പ്രിയപ്പെട്ടവരുടെ ഓർമയ്‌ക്കായി ഒരുക്കി പുസ്‌തകാഞ്‌ജലിയേകിയത്. മുഹമ്മ മാതൃകയിൽ ജലഗതാഗതവകുപ്പിന്റെ എല്ലാ ബോട്ടുകളിലും ഒഴുകുന്ന പുസ്‌തകശാല തുടങ്ങാൻ മന്ത്രി കെ ബി ഗണേഷ്‌കുമാർ ഉത്തരവ് നൽകിയ വേളയിലാണ് ഇക്കുറി കുമരകം ദുരന്തവാർഷികം ആചരിച്ചത്.
ഒരുമിച്ച്‌ വീട്ടിൽനിന്നിറങ്ങി ഒരുമിച്ച്‌ മരണക്കയത്തിൽ മുങ്ങിയ മുഹമ്മ കിഴക്കേകണ്ടത്തിൽ നിർമല, മക്കൾ സന്തോഷ്‌, സലില, കായിപ്പുറം ചാണിവെളിയിൽ സുഭദ്ര, മകൾ സൗമ്യ, സൗമ്യയുടെ 72 ദിവസം പ്രായമായ മകൻ അരുൺജിത്ത് തുടങ്ങിയവരുടെയും ചിത്രങ്ങൾ പതിച്ച പുസ്‌തകങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ചേർത്തല എസ്എൻ കോളേജ് എൻഎസ്എസ് വളണ്ടിയറായിരുന്ന മുഹമ്മ മറ്റത്തിൽ ഷൈനിയുടെ ഓർമയ്‌ക്കായുള്ള പുസ്തകം അച്ഛൻ എം കെ സുകുമാരനും സഹോദരൻ ഷാജിയും ചേർന്ന് ഏറ്റുവാങ്ങി. ഇവരുടെ വീട്ടുവളപ്പിൽ ഓർമമരമായി പ്ലാവിൻ തൈയും നട്ടു. മറ്റുള്ളവരുടെ പുസ്‌തകങ്ങൾ സ്‌കൂൾ മാനേജർ ജെ ജയലാൽ വിദ്യാർഥികളിൽനിന്ന്‌ ഏറ്റുവാങ്ങി സ്‌റ്റേഷൻ മാസ്‌റ്റർ ഷാനവാസ്‌ ഖാന് കൈമാറി. അനന്യ പി അനിൽ സ്‌മരണാഞ്‌ജലി ഗാനം ആലപിച്ചു.
പിടിഎ പ്രസിഡന്റ് കെ എസ് ലാലിച്ചൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയ, പ്രോഗ്രാം ഓഫീസർ എ വി വിനോദ്, അധ്യാപകരായ എൽ അർച്ചന, എൻ വി വിപിൻ, സംഗീതാധ്യാപകൻ ബി ബിബിൻ, എം എസ് ശ്രീപ്രിയ, അക്ഷയ്, ഐശ്വര്യ അനീഷ്, അമൃത് ശങ്കർ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top