എസ് ഇന്ദ്രജിത്ത്
മറയൂർ
കാന്തല്ലൂരിലെ വെളുത്തുള്ളി കർഷകർക്ക് ഇത്തവണ പൊന്നോണക്കാലം. ഓണക്കാലത്തിന് മുമ്പ് വിളവെടുത്ത വെളുത്തുള്ളിക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് കർഷകർക്ക് ലഭിക്കുന്നത്. കിലോഗ്രാമിന് 310 മുതൽ 450 രൂപ വരെ വിലയുണ്ട്. ഭൗമസൂചിക പദവിയുള്ള കാന്തല്ലൂർ വെളുത്തുള്ളിക്ക് തമിഴ്നാട്ടിൽ ശരാശരി 400 രൂപയ്ക്ക് മുകളിലാണ് വില ലഭിച്ചത്. കാന്തല്ലൂരിലെ പെരുമല, പുത്തൂർ,നാരാച്ചി, ഗുഹനാഥപുരം എന്നിവടങ്ങളിലാണ് ഏറ്റവും അധികം കൃഷി നടക്കുന്നത്. തൈലത്തിലെ അളവും ഗന്ധവും മറ്റ് മേഖലയിൽ നിന്നുള്ള വെളുത്തുള്ളിയെക്കാളും കൂടുതലായതിനാൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിലും മറ്റും ആവശ്യക്കാർ കൂടുതലാണ്.
കാന്തല്ലൂരിൽ വിളയുന്ന 'മലപ്പൂണ്ട്! ഇനം വെളുത്തുള്ളിക്കാണ് മാർക്കറ്റിൽ കൂടുതൽ ആവശ്യക്കാരുള്ളത്. കാന്തല്ലൂരിൽനിന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വെളുത്തുള്ളിമാർക്കറ്റായ വടുക് വെട്ടിയിലാണ് വിൽപ്പന നടത്തുന്നത്.
ഒരേക്കറിൽനിന്നും കർഷകർക്ക് ശരാശരി 3.5 ടൺ മുതൽ 4.5 ടൺ വരെ വിളവ് ലഭിക്കും. കാന്തല്ലൂരിൽ എത്തുന്ന വിനോദസഞ്ചാരികളും തോട്ടങ്ങളിൽനിന്നും മികച്ച വില നൽകി വെളുത്തുള്ളി വാങ്ങാറുള്ളതിനാൽ വലിയൊരു ശതമാനം ഇത്തരത്തിൽ വിൽപ്പന നടക്കുന്നുണ്ട്. കശ്മീർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കാന്തല്ലൂർ വെളുത്തുള്ളി വിത്തിനായി കൊണ്ടുപോകാൻ ആവശ്യക്കാർ ഏറിയതാണ് വെളുത്തുള്ളിവില 400 കടക്കാൻ കാരണമായതെന്ന് കർഷകനായ പെരുമല സ്വദേശി തമ്പിപറയുന്നു. ഇപ്പോൾ വിളവെടുത്ത വെളുത്തുള്ളി പുതയിട്ടിരിക്കുകയാണ്. സെപ്തംബർ ആദ്യവാരം ടൺകണക്കിന് വെളുത്തുള്ളി വിപണിയിലെത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..