28 October Monday

മതരാഷ്‌ട്രീയം ചെറുക്കാൻ ആഹ്വാനം

സ്വന്തം ലേഖകൻUpdated: Monday Oct 28, 2024

വയലാർ രാമവർമ അനുസ്‌മരണസമ്മേളനം എഴുത്തുകാരി ഡോ. എസ്‌ ശാരദക്കുട്ടി ഉദ്‌ഘാടനംചെയ്യുന്നു

വയലാര്‍
സങ്കുചിത രാഷ്‌ട്രീയത്തിന്‌ മതത്തെ ദുർവിനിയോഗിക്കുന്നവർക്ക്‌ എതിരെ പ്രതിരോധം ഉയർത്താൻ ആഹ്വാനമായി അനശ്വരകവി വയലാർ രാമവർമയുടെ 49–-ാം ചരമവാർഷികദിനത്തിൽ രാഘവപ്പറമ്പിലെ ഒത്തുചേരൽ. പുരോഗമന കലാസാഹിത്യസംഘം, ഇപ്റ്റ, യുവകലാസാഹിതി എന്നിവ ചേർന്നാണ് സർഗാത്മകവും അർഥപൂർണവുമായ അനുസ്‌മരണം ഒരുക്കിയത്‌. 
  ഞായർ രാവിലെ വയലാർ സ്‌മൃതിമണ്ഡപത്തിൽ കുടുംബാംഗങ്ങളും വിവിധയിടങ്ങളിൽനിന്ന്‌ എത്തിയ ആയിരങ്ങളും പുഷ്‌പാർച്ചന നടത്തി. കവിസമ്മേളനവും വയലാർ അനുസ്‌മരണവും സർഗപ്രതിഭകളുടെ അർഥപൂർണ സംഗമമായി. മതരാഷ്‌ട്ര നിർമിതിക്ക്‌ സംഘടിതശ്രമം നടക്കുന്ന ഇക്കാലത്ത്‌ വയലാറിന്റെ രചനകളും അദ്ദേഹത്തിന്റെ ഓർമയും ഏറെ പ്രസക്തമാണെന്ന്‌ കവിസമ്മേളനം ഉദ്‌ഘാടനംചെയ്‌ത നടിയും പ്രഭാഷകയുമായ ഗായത്രി വർഷ പറഞ്ഞു. ലോകത്തേറ്റവും അഴിമതിയിൽ മുങ്ങിയ ഇന്ത്യൻ മാധ്യമങ്ങൾ പുരോഗമന പ്രസ്ഥാനങ്ങൾക്കെതിരെ നിലകൊള്ളുമ്പോൾ വയലാറിന്റെ പിൻമുറക്കാർ പോരാളികളാകണമെന്നും അവർ പറഞ്ഞു.  
   കവിതകളിലൂടെയും പാട്ടുകളിലുടെയും മലയാളിയെ ചിന്തിക്കാനും പോരാടാനും പഠിപ്പിച്ച വയലാർ വീട്ടമ്മമാരെ സ്വപ്‌നംകാണാനും പഠിപ്പിച്ചെന്ന്‌ അനുസ്‌മരണസമ്മേളനം ഉദ്‌ഘാടനംചെയ്‌ത എഴുത്തുകാരി ഡോ. എസ് ശാരദക്കുട്ടി പറഞ്ഞു. 
  കവിസമ്മേളനത്തിൽ വിദ്വാൻ കെ രാമകൃഷ്‌ണൻ അധ്യക്ഷനായി. എസ്‌ ആർ ഇന്ദ്രൻ സ്വാഗതംപറഞ്ഞു. മാലൂർ ശ്രീധരൻ, പൂച്ചാക്കൽ ഷാഹുൽ, കപിൽദേവ്‌, ആർ ജയചന്ദ്രൻ പാണാവള്ളി, എ എം ആരിഫ്‌, എൻ ടി ഭാസ്‌കരൻ ഉൾപ്പെടെ എൺപതിൽപ്പരം കവികൾ രചനകൾ അവതരിപ്പിച്ചു. 
  അനുസ്‌മരണസമ്മേളനത്തിൽ ഇപ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ബാലചന്ദ്രൻ അധ്യക്ഷനായി. ഡോ. പള്ളിപ്പുറം മുരളി, ആർ ജയകുമാർ, ഡോ. പ്രദീപ് കൂടയ്‌ക്കൽ, വി എസ് കുമാരി വിജയ, ഗീത പുഷ്‌കരൻ, ആസിഫ്‌ റഹിം, ജിസ ജോയി, സി പി മനേക്ഷ, കെ വി ചന്ദ്രബാബു, പി ടി രമേശ്‌, സജീവ്‌ കാട്ടൂർ, പി പുഷ്‌കരൻ, സുരേഷ്‌ കണ്ടനാട്‌ എന്നിവർ സംസാരിച്ചു. ചേർത്തല രാജൻ സ്വാഗതവും മാധവ്‌ കെ വാസുദേവ്‌ നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top