22 December Sunday

കിഫ്‌ബിയെ തകർത്ത്‌ വികസനമുന്നേറ്റം തടയാൻ ശ്രമം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

ആലപ്പുഴ ജനറൽ ആശുപത്രിയിലെ പുതിയ ഒപി ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ 
കിഫ്‌ബിയെ തകർക്കാൻ നിരന്തരമായി ചിലർ ശ്രമിക്കുന്നുവെന്നും കേരളത്തിന്റെ വികസനമുന്നേറ്റത്തെ തടയുകയാണ്‌ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച പുതിയ ഒപി ബ്ലോക്ക്‌ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
കിഫ്‌ബിയെ തകർക്കാൻ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നവർക്ക്‌ മറുപടിയാണ്‌ ഉദ്‌ഘാടനംകഴിഞ്ഞ ജനറൽ ആശുപത്രി ഒപി കെട്ടിടവും നാട്ടിലെ മറ്റ്‌ വികസനങ്ങളും. ഒപി കെട്ടിടത്തിനായി 117 കോടി രൂപ കണ്ടെത്തിയത്‌ കിഫ്‌ബിയിലൂടെയാണ്‌. വികസനകാര്യങ്ങളിൽ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളായാലും റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമായാലും എല്ലാം കിഫ്‌ബി വഴിയാണ്‌ തയ്യാറാകുന്നത്‌. ദേശീയപാത വികസനത്തിന്‌ ഭൂമിയേറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം കേരളം നൽകണമെന്ന്‌ പറഞ്ഞപ്പോൾ ആ പണവും കിഫ്‌ബി വഴിയാണ്‌ കണ്ടെത്തിയത്‌. 
2016ന്‌ മുമ്പുവരെ കേരളത്തിലെ ആശുപത്രികളിൽ ആവശ്യത്തിന്‌ സൗകര്യങ്ങളും ഡോക്ടർമാരുമില്ലായിരുന്നു. മരുന്നുകൾ ദുർലഭമായിരുന്നു. 2016ൽ വന്ന എൽഡിഎഫ്‌ സർക്കാരാണ്‌ ഈ പ്രശ്‌നങ്ങൾ പരിഹരിച്ചത്‌.  ആർദ്രം മിഷനിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുകയാണ്‌. താലൂക്ക്‌ ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജ്‌ ആശുപത്രികൾവരെ സൂപ്പർ സ്‌പെഷ്യാലിറ്റികളാക്കുകയാണ്‌. 
കോവിഡ്‌ വ്യാപനകാലത്ത്‌  അതിസമ്പന്ന രാഷ്‌ട്രങ്ങൾപോലും മുട്ടുകുത്തിവീണപ്പോൾ കേരളത്തിലെ ആശുപത്രികൾ അതിനെ നേരിടാൻ പര്യാപ്‌തമായിരുന്നു. അത്ഭുതത്തോടെയാണ്‌ രാജ്യവും ലോകവും കേരളത്തിന്റെ ആരോഗ്യ മേഖലയെ കണ്ടത്‌. സർക്കാർ ആശുപത്രികളിൽ കാൻസർ ചികിത്സാസൗകര്യം ഒരുക്കിവരുന്നു. സർക്കാർ ലാബുകളെ പരസ്‌പരം ബന്ധിപ്പിച്ച്‌ മികച്ച രോഗനിർണയം സാധ്യമാക്കുന്നുണ്ട്. പുതുതായി 93 നഗരപ്രദേശങ്ങളിലായി 380 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങും. ഓരോ മണ്ഡലത്തിലും ആധുനികസൗകര്യങ്ങളോടെ 10 കിടക്കകളുടെ ഐസൊലേഷൻ വാർഡുകൾ പൂർത്തിയായിവരികയാണ്‌.
  പുരോഗതിയിൽ നാഴികക്കല്ലായി ആലപ്പുഴ ജനറൽ ആശുപത്രി മാറി. കണ്ണഞ്ചിപ്പിക്കുന്ന സൗകര്യങ്ങളാണിവിടെ. തുറവൂരിൽ പുതിയ ട്രോമാകെയർ, മാവേലിക്കര ആശുപത്രിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് തുടങ്ങി ആരോഗ്യപരിചരണത്തിൽ ജില്ലയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top