27 December Friday

രക്തതാരകം വയലാർ

ഫെബിൻ ജോഷിUpdated: Monday Oct 28, 2024

പുന്നപ്ര -– വയലാർ വാരാചരണത്തിന് സമാപനംകുറിച്ച് ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള ദീപശിഖ 
വയലാർ രക്തസാക്ഷി മണ്ഡപത്തിൽ കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ എം സി സിദ്ധാർഥൻ ഏറ്റുവാങ്ങി സ്ഥാപിക്കുന്നു

വയലാർ
വീരവയലാർ വീണ്ടും ചുവന്നുപൂത്തു. അടങ്ങാത്ത സ്വാതന്ത്ര്യദാഹവും ഒടുങ്ങാത്ത വിപ്ലവവീര്യവുമായി സർ സിപിയുടെ തീയുണ്ടകളെ നേരിട്ട രക്തസാക്ഷികളുടെ സ്‌മരണയ്‌ക്ക്‌ മുന്നിൽ നാട്‌ ശിരസുനമിച്ചു. രണഭൂമിയിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളാൽ കരപ്പുറത്തിന്റെ മണ്ണ്  ത്രസിച്ചു.  ചെങ്കൊടിയേന്തിയ ജനസാഗരം വിപ്ലവമണ്ണിനെ ചുവപ്പണിയിച്ചു. രക്തസാക്ഷി സ്‌മരണകൾക്ക്‌ മുന്നിൽ നാട്‌ രക്തപുഷ്‌പങ്ങളർപ്പിച്ചു. അവരുടെ പോരാട്ടങ്ങൾ വെറുതെയാകില്ലെന്നുറപ്പുനൽകി തലമുറകൾ മടങ്ങി. 
   മണ്ഡപവും പരിസരവും രാവിലെമുതൽ രക്തസാക്ഷി കുടുംബങ്ങളാലും പ്രവർത്തകരാലും നിറഞ്ഞിരുന്നു. വർഗബഹുജന സംഘടനകളുടെയും വിവിധ വാരാചരണ കമ്മിറ്റികളുടെയും പ്രകടനങ്ങൾ എത്തിയതോടെ വയലാറിന്റെ മണ്ണ്‌ മുദ്രാവാക്യങ്ങളാൽ പ്രകമ്പനംകൊണ്ടു. വാദ്യമേളങ്ങളും കാവടി, തെയ്യം, നിശ്ചലദൃശങ്ങളും അണിനിരന്നു. പകൽ 11.27ന്‌ മേനാശേരിയിൽനിന്നുള്ള ദീപശിഖയും 11.51ന്‌ വലിയചുടുകാടുനിന്നുള്ള ദീപശിഖയുമെത്തി. ദീപശിഖകൾ കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ എം സി സിദ്ധാർഥൻ ഏറ്റുവാങ്ങി. രക്തസാക്ഷി മണ്ഡപത്തിൽ ദീപശിഖ സ്ഥാപിക്കുമ്പോൾ സമരഭൂമി ജ്വലിച്ചു. തുടർന്ന്‌ കവി വയലാർ രാമവർമയെ അനുസ്‌മരിച്ചു. 
   സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ്‌ സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, മന്ത്രി പി പ്രസാദ്‌, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്‌, ഇരുകമ്യൂണിസ്‌റ്റ്‌ പാർടിനേതാക്കളായ ജി വേണുഗോപാൽ, കെ പ്രസാദ്‌, പി പി ചിത്തരഞ്‌ജൻ എംഎൽഎ, മനു സി പുളിക്കൽ, എ മഹേന്ദ്രൻ, ജി രാജമ്മ, എം സത്യപാലൻ, ജി ഹരിശങ്കർ, കെ എച്ച്‌ ബാബുജാൻ, കെ രാഘവൻ, കെ ഡി മഹീന്ദ്രൻ, പി രഘുനാഥ്‌, ദലീമ എംഎൽഎ, പി വി സത്യനേശൻ, ബി വിനോദ്‌, പി കെ സാബു, ജി കൃഷ്‌ണപ്രസാദ്‌, ടി ടി ജിസ്‌മോൻ, ആർ രാഹുൽ, ജെയിംസ്‌ ശമുവേൽ, സി ശ്യാംകുമാർ തുടങ്ങിയവർ നേതൃത്വംനൽകി. 
   വാരാചരണ സമാപനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി, മന്ത്രി പി പ്രസാദ്‌ എന്നിവർ സംസാരിച്ചു.    

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top