ആലപ്പുഴ
നഗരസഭ അമൃത് പദ്ധതിയിൽ ഉള്‍പ്പെടുത്തി സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ശാസ്‌ത്രീയമായി സംസ്‌കരിക്കാൻ സജ്ജമാക്കിയ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം പി പി ചിത്തരഞ്ജൻ എംഎൽഎ സ്വിച്ച്ഓൺ ചെയ്‌തു. നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി.
ഹൗസ് ബോട്ടുകളിലെ സെപ്റ്റേജ് മാലിന്യം വലിച്ചെടുത്താണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഹൗസ് ബോട്ടുകളില്‍നിന്ന് 1000 ലിറ്റര്‍വരെ 2000 രൂപ നിരക്കിലാണ് ട്രീറ്റ്മെന്റ് ചാര്‍ജായി ഈടാക്കുന്നത്. ബുക്കിങ്ങിന് ടോള്‍ ഫ്രീ നമ്പരായ 8943198777 പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. സെപ്റ്റേജ് മാലിന്യം സംസ്‌കരിക്കേണ്ടവര്‍ ഈ നമ്പറില്‍ ബുക്ക് ചെയ്യണം. അപേക്ഷകളുടെ മുന്‍ഗണന ക്രമത്തിലാണ് ശാസ്‌ത്രീയമായ സംസ്‌കരണം.
അടുത്ത ദിവസം തന്നെ മൊബൈല്‍ ആപ്പ് പ്രവര്‍ത്തനസജ്ജമാകുമെന്ന് നഗരസഭാധ്യക്ഷ കെ കെ ജയമ്മ പറഞ്ഞു. കക്കൂസ് മാലിന്യ സംസ്‌കരണത്തിന് ശാസ്‌ത്രീയമായ സംവിധാനത്തിന്റെ അഭാവം നഗരസഭയുടെ പ്രധാന വെല്ലുവിളിയായിരുന്നു. ആദ്യപടിയായി മണിക്കൂറില്‍ 6000 ലിറ്റര്‍ സംസ്‌കരണശേഷിയുള്ള മൊബൈല്‍ യൂണിറ്റാണ് പ്രവര്‍ത്തനസജ്ജമായത്. ഈ മാസം തന്നെ ഒരു ലക്ഷം ലിറ്റര്‍ സംസ്‌കരണശേഷിയുള്ള മൊബൈല്‍ യൂണിറ്റുകൂടി എത്തുമ്പോള്‍ കക്കൂസ് മാലിന്യ സംസ്‌കരണത്തിന് പരിഹാരമാകും. ട്രീറ്റുചെയ്യുമ്പോൾ ഉണ്ടാകുന്ന ഖരമാലിന്യം സംസ്‌കരണ യൂണിറ്റിൽ കൊണ്ടുവന്ന് വളമാക്കും.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ എസ് കവിത, കൗണ്‍സിലര്‍ ശ്രീലേഖ, എൻജിനീയര്‍ ഷിബു നാല്‍പ്പാട്ട്, ഹെല്‍ത്ത് ഓഫീസര്‍ കെ പി വര്‍ഗീസ്, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അസി. എന്‍ജിനീയര്‍ മിസ് മേരി, നോഡല്‍ ഓഫീസര്‍ സി ജയകുമാര്‍, അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വാട്ടര്‍ എക്‌സ്‌പര്‍ട്ട് അജിന, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാരായ ഷാംകുമാര്‍, സാലിന്‍ ഉമ്മന്‍, ഷജീന എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..