ചാരുംമൂട്
കാട്ടുപന്നികളുടെ ആക്രമണത്തിൽനിന്ന് കാർഷികവിളകൾ സംരക്ഷിക്കാൻ പാലമേൽ പഞ്ചായത്തിൽ സൗരോർജവേലികൾ സ്ഥാപിക്കാൻ തീരുമാനം. പഞ്ചായത്ത് വിളിച്ചുചേർത്ത കർഷകസഭയിലാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് ഉദ്ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷൻ ആർ ശശി അധ്യക്ഷനായി. ക്ലസ്‌റ്ററുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പച്ചക്കറികൃഷി നടത്തുന്ന പാടശേഖരങ്ങൾ മുഴുവൻ സൗരോജവേലികൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും ആദ്യഘട്ടമായി പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ മാറ്റിവയ്‌ക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് പറഞ്ഞു.
ജില്ലയിൽ ഏറ്റവും കൂടുതൽ കാട്ടുപന്നി ആക്രമണം നേരിടുന്ന പഞ്ചായത്താണ് പാലമേൽ. 2018 ലെ പ്രളയശേഷമാണ് ശല്യം തുടങ്ങിയത്. മൂന്നരവർഷത്തിനിടെ 2.5 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി കണക്കാക്കുന്നു. പാലമേൽ പഞ്ചായത്തിൽനിന്ന് ഓണക്കാലത്ത് കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ പച്ചക്കറിയാണ് കയറ്റിയയച്ചിരുന്നത്. കാട്ടുപന്നിശല്യം രൂക്ഷമായതോടെ നിരവധി കർഷകർ കൃഷിയിൽനിന്ന് പിൻമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..