20 September Friday

കരപ്പുറം നെഞ്ചിൽ കാത്ത രാജേട്ടൻ

അഞ്‌ജലി ഗംഗUpdated: Monday Jul 29, 2024

രാജൻ പി ദേവ്

ആലപ്പുഴ

1990ൽ ഇന്ദ്രജാലത്തിലെ ‘കാർലോസി’ന്‌ ലഭിച്ച 20,000 രൂപ പ്രതിഫലം തെറ്റിയതാണോയെന്ന്‌ തമ്പി കണ്ണന്താനത്തിനോടും ഡെന്നീസ്‌ ജോസഫിനോടും ചോദിച്ച ഒരു ചേർത്തലക്കാരൻ നടനുണ്ട്‌. വേറാരുമല്ല, മലയാള സിനിമപ്രേമികൾ എക്കാലവും ഓർക്കുന്ന വില്ലൻ കഥാപാത്രങ്ങളെ അനശ്വരമാക്കിയ രാജൻ പി ദേവെന്ന അതുല്യപ്രതിഭയാണ്‌. ഒന്നാംനിര നടനായി മലയാള സിനിമയിൽ തിളങ്ങുമ്പോഴും ഒന്നുവിളിച്ചാൽ ചേർത്തലയിലേക്ക്‌ ഓടിയെത്തുമായിരുന്നു സുഹൃത്തുക്കളുടെ രാജേട്ടൻ. അനശ്വരനടന്റെ ഓർമകൾക്ക്‌ തിങ്കളാഴ്‌ച 15 വർഷം. 
സമാനതകളില്ലാത്ത അഭിനയപാടവത്തിലൂടെയാണ്‌ രാജൻ പി ദേവ്‌ മലയാളിമനസിൽ ഇടംനേടിയത്‌.  അച്ഛൻ ദേവസ്യ എന്ന എസ്‌ ജെ ദേവിന്റെയും അമ്മ കുട്ടിയമ്മയുടെയും നാടകപ്രേമം മകനുംകിട്ടി.  മുട്ടം മരിയം സോഡാൾട്ടിയിലൂടെ നാടകങ്ങളിൽ വില്ലനായാണ്‌ തുടക്കം. തുടർന്ന്‌ എൻ എൻ പിള്ളയുടെ വിശ്വകേരള സമിതിയുടെ പ്രസിഡന്റ്‌, ദി ഡാം എന്നീ നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട്‌ ‘രഥം' എന്ന നാടകം എഴുതി. ഹരിശ്രീയുടെ ‘കുരുത്തോല കൊണ്ടൊരു കൊട്ടാര’ത്തിൽ അഭിനയിച്ചു. മുല്ലപ്പൂക്കൾ ചുവന്നപ്പോൾ എന്ന നാടകത്തിലൂടെ 1981ൽ മികച്ച നാടകനടനുള്ള സംസ്ഥാന അവാർഡ്‌ നേടി. 

കൊച്ചുവാവ 
കുതിച്ചു

എസ്‌ എൽ പുരം സദാനന്ദൻ തന്റെ കാട്ടുകുതിര എന്ന നാടകത്തിൽ വില്ലൻ കഥാപാത്രം ചെയ്യാൻ ആരെങ്കിലും ഉണ്ടോയെന്ന്‌ രാജൻ പി ദേവിനോട്‌ അന്വേഷിച്ചു. എന്നാൽ താൻതന്നെ ചെയ്യാമെന്ന്‌ അറിയിക്കുകയായിരുന്നു. റിഹേഴ്‌സലിൽ എസ്‌ എൽ പുരത്തിനെ ഞെട്ടിച്ച പ്രകടനം. നർമം കലർത്തി അവതരിപ്പിച്ച കൊച്ചുവാവ എന്ന  കഥാപാത്രത്തെ ജനങ്ങൾ സ്വീകരിച്ചു. ആയിരത്തിലധികം വേദികളിലാണ്‌ നാടകം കളിച്ചത്‌. സിനിമയായപ്പോൾ ഈ കഥാപാത്രം തിലകൻ അവതരിപ്പിച്ചു. സ്വന്തമായി ജൂബിലി തിയറ്റേഴ്‌സ്‌ എന്ന നാടകസമിതി രൂപീകരിച്ചു. ബെന്നി പി നായരമ്പലമാണ്‌ നാടകങ്ങൾ എഴുതിയത്‌. 

സിനിമയിലേക്ക്‌

ഫാസിലിന്റെ ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക്‌’ എന്ന ചിത്രത്തിലൂടെയാണ്‌ അരങ്ങേറ്റം. ഇന്ദ്രജാലത്തിലെ കാർലോസ്‌ വഴിത്തിരിവായി. മലയാളം, തമിഴ്‌, തെലുഗ്‌, കന്നട സിനിമകളിലായി അഞ്ഞൂറോഓളം വേഷങ്ങൾ. വില്ലൻവേഷങ്ങളിൽ ഒതുങ്ങിയ രാജൻ പി ദേവിന്റെ വേറിട്ട മുഖം  രാജസേനൻ സംവിധാനംചെയ്‌ത ‘ചേട്ടൻ ബാവ അനിയൻ ബാവ’യിൽ കണ്ടു. 
   അച്ചാമ്മക്കുട്ടിയുടെ അച്ചായൻ (1998), അച്ഛന്റെ കൊച്ചുമോൾ, (2003), മണിയറക്കള്ളൻ (2005) എന്നീ സിനിമകൾ സംവിധാനംചെയ്‌തു. 2009 ജൂലൈ 29ന്‌ 58–-ാം വയസിലാണ്‌ ആ അഭിനയപ്രതിഭയെ മരണം കവർന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top