22 December Sunday

പൊലിഞ്ഞത്‌ നാടിന്റെ സാന്ത്വനസ്‌പർശം

കെ എസ്‌ ലാലിച്ചൻUpdated: Monday Jul 29, 2024

അപകടത്തിൽ തകര്‍ന്ന കാർ

മാരാരിക്കുളം 
എം രജീഷിന്റെ  ആകസ്‌മിക വേർപാടിലൂടെ നഷ്‌ടമായത്‌ മികച്ച സംഘാടകനെയും നാടിന്‌ സാന്ത്വനസ്‌പർശവുമായി നിറഞ്ഞ ജീവകാരുണ്യപ്രവർത്തകനെയും. കാർ തെങ്ങിൽ ഇടിച്ചുമറിഞ്ഞാണ്‌ രജീഷും സുഹൃത്ത്‌ അനന്തുവും മരിച്ചത്‌.  ഡ്രൈവറുടെ ഇടതുവശമാണ് രജീഷ് ഇരുന്നത്. തകർന്ന കാറിന്റെ അവശിഷ്‌ടങ്ങൾ രജീഷിന്റെ ദേഹത്ത് മുറിവേൽപ്പിച്ചിരുന്നു.   
ഡിവൈഎഫ്ഐ മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറിയായ രജീഷ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനെന്ന നിലയിൽ ശ്രദ്ധേയമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി. തന്റെ ഡിവിഷനിൽ  "ഉയരെ’  എന്ന ടാലന്റ് സെർച്ച് ലാബ് പദ്ധതി നടപ്പാക്കി. എട്ടുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളുടെ ഭാവി ശോഭനമാക്കാനുള്ള പദ്ധതിയാണിത്. 
2023ൽ പദ്ധതി ഉദ്ഘാടനംചെയ്‌തത് നടൻ  ടോവിനോ തോമസ് ആയിരുന്നു. കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന്‌ ടിവിയും മൊബൈൽഫോണും കുട്ടികൾക്ക് നൽകി. 
ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ സിഎഫ്എൽടിസിയുടെ ചുമതല ഏറ്റെടുത്ത് മാസങ്ങളോളം പ്രവർത്തിച്ചു. വളവനാട് ബെന്നി സ്‌മാരക പാലിയേറ്റീവ് സൊസൈറ്റിയുടെ സജീവപ്രവർത്തകനായിരുന്നു. പ്രളയകാലത്ത് പൊള്ളേത്തൈ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിന്റെ ചുമതല വഹിച്ചു.
എസ്എൻ ട്രസ്‌റ്റ്‌ സ്‌കൂളിൽ പഠിക്കുമ്പോൾമുതൽ എസ്എഫ്‌ഐയുടെ സജീവപ്രവർത്തകനായിരുന്നു. പിന്നീട്‌ എസ്എൻ കോളേജിൽ ബിഎ പൊളിറ്റിക്കൽ സയൻസ്‌ വിദ്യാർഥിയായിരിക്കെ ജില്ലയിൽ എസ്‌എഫ്‌ഐ നേതൃപദവിലേക്ക്‌ ഉയർന്നു. 
രണ്ടുവർഷം ജില്ലാ സെക്രട്ടറിയായിരുന്നു. വർഗീയശക്‌തികളോട്‌ വിട്ടുവീഴ്‌ചയില്ലാത്ത സമീപനം പുലർത്തി.  ആർഎസ്‌എസിന്റെ ക്രൂരമായ ആക്രമണത്തിന് വിധേയനായി.  യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായും 2013-–-14 കാലയളവിൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. നിയമവിദ്യാർഥിയാണ്‌. 
എച്ച് സലാം എംഎൽഎ, സിപിഐ എം നേതാക്കളായ ജി വേണുഗോപാൽ, കെ ആർ ഭഗീരഥൻ, കെ ഡി മഹീന്ദ്രൻ, പി രഘുനാഥ്, ആർ രാഹുൽ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ എസ്‌ സുരേഷ്‌കുമാർ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ ജെഫിൻ സെബാസ്‌റ്റ്യൻ, സെക്രട്ടറി എം ശിവപ്രസാദ് തുടങ്ങിയവർ അപകടവിവരമറിഞ്ഞ്‌ ആശുപത്രിയിലെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top