22 November Friday

വീരുവിന്റെ തേരിലേറി വിബിസി

ഫെബിൻ ജോഷിUpdated: Monday Jul 29, 2024

നെഹ്റുട്രോഫി വള്ളംകളിയുടെ പരിശീലനത്തിന്റെ ഭാഗമായി വീയപുരം ചുണ്ടനിൽ വിബിസി കൈനകരി പുന്നമട ഫിനിഷിങ് പോയിന്റിൽ നടത്തിയ ട്രാക്ക് എൻട്രി

 
ആലപ്പുഴ  
നെഹ്‌റുവിന്റെ കൈയോപ്പോടുകൂടിയ വെള്ളിക്കിരീടം മൂന്നരപ്പതിറ്റാണ്ടിനുശേഷം നെഞ്ചേറ്റാൻ വില്ലേജ്‌ ബോട്ട്‌ ക്ലബ്‌ കൈനകരി വീരുവിൽ തുഴയെറിയും. കഴിഞ്ഞവർഷം പള്ളാത്തുരുത്തി ബോട്ട്‌ ക്ലബ്ബിന്‌ നെഹ്‌റുട്രോഫിയും സിബിഎല്ലിൽ ഉജ്വലതേരോട്ടവും സമ്മാനിച്ച വീയപുരം ചുണ്ടൻ എത്തുമ്പോൾ തികഞ്ഞ വിജയപ്രതീക്ഷയിലാണ്‌ കൈനകരിക്കാർ. 
  നന്മ ​പ്ര​വാ​സി വാ​ട്സാപ്പ് ഗ്രൂ​പ്പാ​ണ് നാടിന്‌ സ്വന്തമായി ഒരു ചുണ്ടൻ എന്ന സ്വപ്‌നം വീയപുരമെന്ന അപ്പർകുട്ടനാടൻ ഗ്രാമത്തിന്റെ മാനസിൽ വിതയ്‌ക്കുന്നത്‌. കരക്കാർ ഏ​റ്റെ​ടു​ത്ത​തോ​ടെ ‘വീരു’ എന്ന്‌ നാട്ടുകാർ ഓമനിക്കുന്ന വീയപുരം ചുണ്ടൻ ജനിച്ചു. 
ഈ​രാ​റ്റു​പേ​ട്ട​ പൂഞ്ഞാറിൽനിന്നെത്തിച്ച 146 ഇ​ഞ്ച് വ്യാ​സ​വും 63 അ​ടി നീ​ള​വു​മു​ള്ള ലക്ഷണ​മൊ​ത്ത ത​ടിയിൽ കോ​ഴി​മു​ക്ക് സാ​ബു നാരായണൻ ആചാരി​യാണ്‌ വള്ളത്തിന്‌ ഉ​ളി​ കു​ത്തിയത്‌. കരക്കാർ സ്വരൂപിച്ച 50 ലക്ഷം രൂപയാണ്‌ ചെലവ്‌. 2019ൽ നീരണിഞ്ഞ ചുണ്ടൻ ആ വർഷം സിബിഎൽ യോഗ്യത നേടി. 2022 നെഹ്‌റുട്രോഫിയിൽ പുന്നമട ബോട്ട്‌ ക്ലബ്ബിന്റെ കരുത്തിൽ മൂന്നാമതായി. തൊട്ടടുത്ത വർഷം പള്ളത്തുരുത്തിയുടെ കരുത്തിൽ നെഹ്‌റുട്രോഫി. പിന്നാലെ ചാമ്പ്യൻസ്‌ ബോട്ടിൽ 13 മത്സരങ്ങളിൽ എട്ട്‌ വിജയങ്ങളുമായി സ്വപ്‌നസമാന കുതിപ്പ്‌. എന്നാൽ കൈനകരിയുടെ മണ്ണിലേക്ക്‌ തങ്ങളുടെ കൈക്കരുത്തിൽ 1987നുശേഷം നെഹ്‌റുട്രോഫിയെന്നതാണ്‌ വിബിയുടെ സ്വപ്‌നം. 
  1986ൽ കാരിച്ചാലിൽ സണ്ണി അക്കരക്കുളത്തിന്റെ നായകത്വത്തിലാണ്‌ വിബിസിയുടെ ആദ്യ നെഹ്റുട്രോഫി വിജയം. തെട്ടടുത്തവർഷവും ക്യാപ്‌റ്റനും വള്ളവും ക്ലബ്ബും വിജയമാവർത്തിച്ചു. എന്നാൽ പിന്നീടിങ്ങോട്ട്‌ വിജയമകന്നുനിന്നു. ചമ്പക്കുളം വലിയപള്ളിയിൽ നടക്കുന്ന ക്യാമ്പിൽ 130 താരങ്ങളുണ്ട്‌. 10 നിലക്കാരും അഞ്ച്‌ അമരക്കാരും 81 തുഴച്ചിൽക്കാരുമുൾപ്പെടെ 96 പേരാണ്‌ വള്ളത്തിൽ. സായി മുൻ പരിശീലകൻ ബേബി ചാക്കോയാണ്‌ പരിശീലകൻ. ക്യാപ്‌റ്റൻ പി വി മാത്യു പൗവ്വത്തിൽ. ബിജു കുട്ടനാട്‌ ലീഡിങ്‌ ക്യാപ്‌റ്റൻ. ഒന്നാം തുഴയിൽ അരുൺ ശർമയും അമരത്ത്‌ രാജീവ്‌ കുമരകവും. സി ജി വിജയൻ വില്ലേജ്‌ ബോട്ട്‌ ക്ലബ്‌ കൈനകരിയുടെ പ്രസിഡന്റും സജു സെബാസ്‌റ്റ്യൻ സെക്രട്ടറിയുമാണ്‌. 

പെരുമഴയിൽ ട്രാക്ക്‌ എൻട്രി 

ആലപ്പുഴ
കാത്തിരുന്ന ആയിരങ്ങൾക്ക്‌ മുന്നിലേക്ക്‌ പെരുമഴയുടെ അകമ്പടിയിൽ വീയപുരം ചുണ്ടൻ പാഞ്ഞെത്തി. അതുവരെ നിശ്ചലമായിരുന്ന ആകാശം ആർത്തലച്ച്‌ പെയ്‌തതുപോലെ പുന്നമടയും ഇരമ്പിയാർത്തു– -‘വീരു...വീരു...വീരു...’. തുള്ളിക്കൊരു കുടം കണക്കേപ്പെയ്‌ത മഴയെ കീറിമുറിച്ച്‌ വില്ലേജ്‌ ബോട്ട്‌ ക്ലബ്ബിന്റെ കൈക്കരുത്തിൽ ഫിനിഷിങ്‌ പോയിന്റിൽ നെഹ്‌റുപവലിയന്റെ ഇടതുഭാഗത്തുനിന്ന്‌ വീയപുരത്തിന്റെ ട്രാക്ക്‌ എൻട്രി. മഴയിലും പുന്നമട കോരിത്തരിച്ചു. മുൻ ക്യാപ്‌റ്റൻ എച്ച്‌ ബിനുവാണ്‌ ട്രാക്ക്‌ എൻട്രി ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top