23 November Saturday

വേമ്പനാട് കായൽ സംരക്ഷണം അനിവാര്യം: സെമിനാർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

വേമ്പനാട് കായൽ പുനരുജ്ജീവനവും സംരക്ഷണവും എന്ന വിഷയത്തിൽ കയർക്രാഫ്റ്റ് കൺവൻഷൻ സെന്ററിൽ 
സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
‘വേമ്പനാട് കായൽ പുനരുജ്ജീവനവും സംരക്ഷണവും’ എന്ന വിഷയത്തിൽ ജില്ലാ ഭരണകേന്ദ്രം സംഘടിപ്പിച്ച ശിൽപ്പശാലയിൽ തെളിഞ്ഞത് കായലിനെ വീണ്ടെടുക്കാനുള്ള വിശദമായ ചർച്ച. വേമ്പനാട് കായൽ സംരക്ഷിക്കാൻ ജൈവവൈവിധ്യ പരിപാലനസമിതികളും സിഎസ്ആർ ഫണ്ടും ഉപയോഗപ്പെടുത്തണമെന്ന് ശിൽപ്പശാല അഭിപ്രായപ്പെട്ടു. വേമ്പനാട് കായൽ നേരിടുന്ന പരിസ്ഥിതിപ്രശ്‌നങ്ങളിലെ ആശങ്കകളും പരിഹാരനിർദേശങ്ങളിലെ പ്രതീക്ഷകളും ശിൽപ്പശാല പങ്കുവച്ചു. 
കായലുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ വിദഗ്ധർ അവതരിപ്പിച്ചു. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ. ഉമ്മൻ വി ഉമ്മൻ, മെംമ്പർ സെക്രട്ടറി ഡോ. ബാലകൃഷ്‌ണൻ, എംജി സർവകലാശാല സ്‌കൂൾ ഓഫ് ബയോ സയൻസസ് അസോ. പ്രൊഫ. ഡോ. ഇ കെ രാധാകൃഷ്‌ണൻ, കുമരകം കൃഷിവിഗ്യാൻ കേന്ദ്രം മേധാവി ഡോ. ജി ജയലക്ഷ്‌മി എന്നിവരായിരുന്നു പ്രസീഡിയം.
മലിനീകരണവും കാലാവസ്ഥാവ്യതിയാനവും വേലിയേറ്റവും മൂലമുണ്ടാകുന്ന വെള്ളപ്പൊക്കവും അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും കുടിവെള്ളപ്രശ്‌നങ്ങളും മത്സ്യലഭ്യത കുറയുന്നത് ജീവനോപാധിയെ ബാധിക്കുന്നതുമാണ് ആലപ്പുഴ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെന്ന് മുൻ ധനമന്ത്രി ടി എം തോമസ് ഐസക് ചൂണ്ടിക്കാണിച്ചു. ഓൺലൈനായി ചർച്ചയിൽ പങ്കെടുത്ത അദ്ദേഹം പ്രായോഗികമായി നടപ്പാക്കാൻ സാധിക്കുന്ന പദ്ധതികൾ രൂപീകരിക്കുകയും തദ്ദേശഭരണ സ്ഥാപനങ്ങൾ വിവിധ വകുപ്പുകളുടെ സഹായത്തോടെ അവ നടപ്പാക്കുകയുമാണ് വേണ്ടതെന്നും കൂട്ടിച്ചേർത്തു. വേമ്പനാട്ട് കായലിലെ കാർബൺ നിക്ഷേപത്തെ പണമാക്കി മാറ്റാനുള്ള പദ്ധതി വേണമെന്ന് രാജ്യാന്തര കായൽ കൃഷി ഗവേഷണകേന്ദ്രം ഡയറക്‌ടർ ഡോ. കെ ജി പദ്മകുമാർ ‘കൃഷിയും കാലാവസ്ഥാ വ്യതിയാനവും’ എന്ന വിഷയം അവതരിപ്പിച്ച് അഭിപ്രായപ്പെട്ടു. കോടികൾ വിലമതിക്കുന്ന കാർബൺ നിക്ഷേപമാണ്‌ കായലിലുള്ളത്. എക്കലും ചെളിയും നീക്കാനെന്ന പേരിൽ ഡ്രജ്ജിങ് ചെയ്യരുത്. ഇതു കാർബൺ ഡയോക്‌സൈഡ് പുറന്തള്ളാൻ ഇടയാക്കും. പകരം കട്ട കുത്തി പാടശേഖരങ്ങളുടെ പുറംബണ്ടുകൾ ബലപ്പെടുത്തണം. ഈ ബണ്ടുകളിൽ കണ്ടൽ വച്ചുപിടിപ്പിച്ച്‌ ജൈവ കവചം ഒരുക്കാം.  – -അദ്ദേഹം പറഞ്ഞു. 
ശുദ്ധജലം കുറയുന്നതിനാൽ ആലപ്പുഴ ഭാഗത്ത്‌ കക്കയുടെ അളവ് വലിയ തോതിൽ കുറയുന്നുണ്ടെന്ന് ‘മത്സ്യബന്ധനം ജൈവവൈവിധ്യം’ എന്ന വിഷയം അവതരിപ്പിച്ച് കുഫോസ് സെന്റർ ഫോർ അക്വാട്ടിക് റിസർച്ച്‌ മാനേജ്മെന്റ് ആൻഡ് കൺസർവേഷൻ പ്രൊഫസർ ചെയർ ഡോ. വി എൻ സഞ്‌ജീവൻ പറഞ്ഞു. 
ഹൗസ്ബോട്ടുകളുടെ ബുക്കിങും മാലിന്യ സംസ്‌കരണവും ഏകീകൃത പ്ലാറ്റ്ഫോം വഴിയാക്കിയാൽ നിരീക്ഷണം എളുപ്പമാണെന്ന് 
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ് ശ്രീകല പറഞ്ഞു. ‘വേമ്പനാട്ട് കായൽ മലിനീകരണം നിജസ്ഥിതിയും’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അവർ. 
നഗരത്തിലെ കനാലിൽ മാത്രം 53 സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതായായി കണ്ടെത്തിയെന്ന് കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ ഡോ. മനോജ്കുമാർ കിനി പറഞ്ഞു. നമ്മുടെ കായലും കനാലുകളും ജനങ്ങൾ തന്നെ സംരക്ഷിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
ഓരോ ബ്ലോക്ക് പഞ്ചായത്തിലും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ വേണമെന്ന് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് കോഴിക്കോട് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ. മനോജ് പി സാമുവൽ പറഞ്ഞു. എങ്കിലേ കൃത്യമായി മുന്നറിയിപ്പ് നൽകാനാകൂ. 
ജില്ലയിലെ 77 ശതമാനം ശുചിമുറികളിലെയും മാലിന്യം അശാസ്‌ത്രീയമായാണ്‌ സംസ്‌കരിക്കുന്നതെന്ന് ടാഗ്സ് ഫോറം ഡയറക്‌ടർ രോഹിത് ജോസഫ് പറഞ്ഞു. 
അശാസ്‌ത്രീയമായ റോഡും പാലവുമാണ്‌ കുട്ടനാട്ടിൽ പലയിടത്തും തോടുകളുടെയും കനാലുകളുടെയും ഒഴുക്ക് നിലക്കാൻ കാരണമെന്ന് തോമസ് കെ തോമസ് എംഎൽഎ പറഞ്ഞു. മുൻ ഡിജിപി കെ ഹോർമിസ് തരകൻ, പുളിങ്കുന്നിലെ കൊച്ചിൻ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനിയറിങ് പ്രൊഫസർ ഡോ. എൻ സുനിൽകുമാർ, എംഎസ്എസ്ആർആർഎസ് മങ്കൊമ്പ് പ്രൊഫസർ ഡോ. എം സുരേന്ദ്രൻ, തിരുവല്ല മാർത്തോമ കോളേജ് റിട്ട. പ്രൊഫസർ ഡോ. ജോൺ മത്തായി, വിവിധ നെൽകർഷകർ, മത്സ്യകർഷകർ, വിവിധ കോളേജ് പ്രിൻസിപ്പൽമാർ, വിവിധ വിഷയ മേഖല വിദഗ്‌ധർ എന്നിവർ സെമിനാറിനുശേഷം പ്രതികരണം നടത്തി. ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കലക്‌ടർ സി പ്രേംജി നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top