സ്വന്തം ലേഖകൻ
മാരാരിക്കുളം
വാഹനാപകടത്തിൽ മരിച്ച ഡിവൈഎഫ്ഐ മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറിയും ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ---വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായ എം രജീഷിനും ഡിവൈഎഫ്ഐ പ്രവർത്തകനായ സുഹൃത്ത് അനന്തുവിനും നാടിന്റെ കണ്ണീർ പ്രണാമം. ഇരുവരുടെയും മൃതദേഹങ്ങൾ വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം തിങ്കൾ പകൽ 2.30 ഓടെ സിപിഐ എം വളവനാട് ലോക്കൽ കമ്മിറ്റി ഓഫീസായ ബെന്നി രക്തസാക്ഷി സ്‌മാരക മന്ദിരത്തിന് മുന്നിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചു.
സിപിഐ എം മുതിർന്ന നേതാവ് ജി സുധാകരൻ, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്, ജില്ലാ സെക്രട്ടറി ആർ നാസർ, പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജി വേണുഗോപാൽ, കെ പ്രസാദ്, മനു സി പുളിക്കൽ, ഏരിയ സെക്രട്ടറി പി രഘുനാഥ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആർ ഭഗീരഥൻ, ആർ രാഹുൽ, കെ ഡി മഹീന്ദ്രൻ, ലോക്കൽ സെക്രട്ടറി വി ഡി അംബുജാക്ഷൻ തുടങ്ങിയവർ ചേർന്ന് രക്തപതാക പുതപ്പിച്ചു.
കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത, മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ജെയ്‌ക് സി തോമസ്, എംഎൽഎമാരായ എച്ച് സലാം, എം എസ് അരുൺകുമാർ, യുവജന കമീഷൻ ചെയർമാൻ എം ഷാജർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് അനന്തുവിന്റെ മൃതദേഹം വീട്ടിൽ സംസ്‌കരിച്ചു. എം രജീഷിന്റെ മൃതദേഹം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിലും പൊതുദർശനത്തിന് വച്ചു. തുടർന്ന് വിലാപയാത്രയായി വീട്ടുവളപ്പിലെത്തിച്ച് സംസ്‌കരിച്ചു. അനുശോചനയോഗവും ചേർന്നു. സിപിഐ എം വളവനാട് ലോക്കൽ കമ്മിറ്റി അംഗവുമാണ് രജീഷ്.
ഞായർ രാത്രിയാണ് രജീഷും അനന്തുവും ഉൾപ്പെടെ അഞ്ചുപേർ സഞ്ചരിച്ച കാർ തെങ്ങിലിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റ അഖിൽ, സുജിത്ത്, അശ്വിൻ എന്നിവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..