19 November Tuesday
എം ആറിന്റെ വേർപാട്‌ നാടിന്‌ നൊമ്പരമായി

വിടവാങ്ങിയത്‌ ഉജ്വല വ്യക്‌തിത്വം

ജി ഹരികുമാർUpdated: Friday Aug 30, 2024

സിപിഐ എം നേതൃത്വത്തിൽ നടന്ന ഭവന സന്ദർശന പരിപാടിയിൽ പ്രൊഫ.എം ആർ രാജശേഖരൻ എം എ ബേബിക്ക് ഒപ്പം കായംകുളത്തെ ശ്രീകൃഷ്ണാശ്രമം സന്ദർശിക്കുന്നു (ഫയല്‍ ചിത്രം)

കായംകുളം
വിടവാങ്ങിയത്‌ കായംകുളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ ഉജ്വല വ്യക്‌തിത്വം. എല്ലാവരുടെയും ‘എം ആർ’ ആയിരുന്ന പ്രൊഫ.എം ആർ രാജശേഖരന്റെ  അപ്രതീക്ഷിത വേർപാട് നാടിന് നൊമ്പരമായി. 
തികച്ചും ജനകീയവും അഴിമതിരഹിതവുമായ പൊതുപ്രവർത്തനത്തിലൂടെ ജനങ്ങളുടെ പ്രിയനേതാവായി മാറുകയായിരുന്നു എം ആർ. സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയറ്റംഗമായ ഇദ്ദേഹം ജില്ലയിലാകെ നിറസാന്നിധ്യമായിരുന്നു. കാർത്തികപ്പള്ളി താലൂക്കിലും കായംകുളത്തും പാർടി ശക്‌തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക്‌  നേതൃത്വം നൽകി. 
ശാസ്താംകോട്ട ഡി ബി കോളേജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായിരുന്ന എം ആർ വിദ്യാർഥികൾക്ക്‌ പ്രിയങ്കരനായ അധ്യാപകനായിരുന്നു .കായംകുളം നഗരസഭാ ചെയർമാനായിരിക്കെ  പട്ടണത്തിന്റെ  സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കി. 
സാംസ്കാരിക രംഗത്തും സക്രിയമായിരുന്നു. കരീലക്കുളങ്ങര ആലപ്പി സഹകരണ സ്പിന്നിങ്‌ മിൽ ചെയർമാൻ, കെസിടി പ്രസിഡന്റ്‌ എന്നീ നിലകളിൽ ഈ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും മുഖ്യ പങ്ക് വഹിച്ചു. കായംകുളം ബാറിലെ അഭിഭാഷകനായും പ്രവർത്തിച്ചു. മധ്യകേരള വാണിജ്യ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) പ്രസിഡന്റ്‌, കേരള കർഷകസംഘം ഏരിയ കമ്മിറ്റി അംഗം, കാർട്ടൂണിസ്‌റ്റ്‌ ശങ്കർ സ്‌മാരക ആർട്ട് ഗ്യാലറി ആൻഡ്‌ കാർട്ടൂൺ മ്യൂസിയം ഉപദേശകസമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top