17 September Tuesday
ജില്ലയിലെ കേന്ദ്രം പ്രവർത്തനം തുടങ്ങി

കാൻസർ രോഗികൾക്ക് കരുതലായി

സ്വന്തം ലേഖകൻUpdated: Friday Aug 30, 2024

അർബുദരോഗ ചികിത്സാ മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കുന്ന കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് കൗണ്ടർ 
എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

അമ്പലപ്പുഴ

അർബുദ ചികിത്സയ്‌ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ കുറഞ്ഞവിലയ്‌ക്ക്‌  രോഗികൾക്ക് ലഭ്യമാക്കുന്ന ജില്ലയിലെ കേന്ദ്രം പ്രവർത്തനം തുടങ്ങി. ആലപ്പുഴ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിലെ കാരുണ്യ കമ്യൂണിറ്റി ഫാർമസിയിലാണ് സീറോ പ്രോഫിറ്റ് കൗണ്ടറിന് തുടക്കമായത്‌. വിപണിവിലയിൽനിന്ന് 26 മുതൽ 96 ശതമാനം വരെ വിലക്കുറവിലാണ്‌ മരുന്നുകൾ ഇവിടെനിന്ന് ലഭ്യമാകുക.  1.73 ലക്ഷം രൂപ വിലവരുന്ന മരുന്ന് 11892.38 രൂപയ്‌ക്കും 2511 രൂപ വിലയുള്ള ഇൻജക്ഷൻ 96.39 രൂപയ്‌ക്കും ലഭിക്കും. 
അബിറാടെറൊൺ, എൻസാലുറ്റമൈഡ്‌ ടാബ്‌ലറ്റുകൾ, റിറ്റുക്സ്വിമാബ്‌, ജെംസൈടാബിൻ, ട്രാസ്റ്റുസുമാബ്‌ ഇൻജക്‌ഷനുകൾ തുടങ്ങി 64ഇനം ആന്റി ക്യാൻസർ മരുന്നുകളും ലാഭരഹിത കൗണ്ടറിൽ കമ്പനിവിലയ്ക്ക്‌ കിട്ടും. 
രണ്ടു ശതമാനം സേവന ചെലവുമാത്രം ഈടാക്കി, കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷൻ ലിമിറ്റഡിന്‌ (കെഎംഎസ് സി എൽ) ലഭിക്കുന്ന അഞ്ചു മുതൽ ഏഴു ശതമാനം വരെയുള്ള ലാഭം പൂർണമായി ഒഴിവാക്കിയാണ്‌ ആരോഗ്യവകുപ്പ്‌ പദ്ധതി ആവിഷ്‌കരിച്ചത്‌. ഇത്‌ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പിലായി.  
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനിൽ നടത്തി. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയായി. 
 ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി അങ്കണത്തിലെ കേന്ദ്രം എച്ച്‌ സലാം എംഎൽഎ  ഉദ്‌ഘാടനം ചെയ്‌തു. ആദ്യവിൽപ്പനയും അദ്ദേഹം നടത്തി.  കെഎംഎസ് സി എൽ വെയർഹൗസ് മാനേജർ സാം എസ് ഗോപിനാഥ് അധ്യക്ഷനായി. വെയർഹൗസ് ഫാർമസിസ്റ്റ് മുരളികുമാർ,  കാരുണ്യ മാനേജർ പി ടി ശ്രീജ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top