30 September Monday

അടച്ചിട്ട വീട്ടില്‍നിന്ന്‌ 
53 പവന്‍ കവർന്നു

സ്വന്തം ലേഖകൻUpdated: Monday Sep 30, 2024

തണ്ണീർമുക്കത്ത്‌ കവർച്ച നടന്ന വീട്ടിലെ മുറിക്കുള്ളിൽ സാധനങ്ങൾ വാരിവലിച്ചിട്ടിരിക്കുന്നു

ചേർത്തല
അടച്ചിട്ട വീട്ടിൽനിന്ന്‌ 53 പവൻ ആഭരണവും 4000 രൂപയും കവർന്നു. തണ്ണീർമുക്കം പഞ്ചായത്ത് ആറാംവാർഡിൽ വാഴക്കൽ കെ ഷാജിയുടെ (റിട്ട. ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥൻ)  വീടിന്റെ മുൻവാതിൽ കുത്തിതുറന്ന്‌ അകത്തുകടന്നാണ് കവർച്ച. വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
    27-ന് വൈകിട്ട് ആറോടെ ഷാജി വീടുപൂട്ടി കോട്ടയത്തേക്ക്‌ പോയി. രാത്രി 11.30-ന്‌ ശേഷമാണ്‌ കവർച്ചയെന്നാണ് നിഗമനം. 28-ന് രാവിലെ ഒമ്പതരയോടെ ഷാജി തിരികെയെത്തിയപ്പോഴാണ് കവർച്ച അറിഞ്ഞത്. ബലമേറിയ മുൻവാതിലിലെ പ്രത്യേക പൂട്ടുകളെല്ലാം ആയുധങ്ങൾ ഉപയോഗിച്ച്‌ തകർത്താണ്‌ കവർച്ചസംഘം ഉള്ളിൽ പ്രവേശിച്ചത്. 
  ഷാജിയുടെ മകന്റെ മുറിയിലെ പഠനമേശയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കവർന്നത്. മറ്റ്‌ മുറികളിലെ അലമാരയുൾപ്പെടെ കുത്തിത്തുറന്ന്‌ ഉള്ളിലുള്ളതെല്ലാം വാരിവലിച്ചിട്ടിരുന്നു. മുഹമ്മ പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഫോറൻസിക്‌ സംഘവും ഡോഗ്‌ സ്‌ക്വാഡും പരിശോധന നടത്തി. 
 രാത്രി 11.30-ന്‌ വീടിന്റെ പിന്നിലൂടെ മൂന്നുപേർ എത്തുന്നത്‌ ദൃശ്യത്തിലുണ്ട്. 12-ന്‌ ശേഷം വീടിനുമുന്നിലെ കാമറയിലും ഇവരുടെ ദൃശ്യം പതിഞ്ഞു. 
  ചെറുപ്പക്കാരുടെ സംഘമാണ്‌ കവർച്ചക്കാരെന്നാണ് സൂചന. മുഹമ്മ സ്‌റ്റേഷൻ ഓഫീസർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ ചേർത്തല എഎസ്‌പിയുടെ കീഴിലെ പ്രത്യേക ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമാണ്‌ അന്വേഷിക്കുന്നത്. ഏതാനുംപേർ പൊലീസ്‌ നിരീക്ഷണത്തിലാണെന്നാണ് വിവരം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top